
ബെർലിൻ: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവ് ഫ്രെഡ്റിക് മെര്‍സ്. ഇന്ന് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആറ് വോട്ടിനാണ് മെര്‍സ് പരാജയപ്പെട്ടത്. ഇതോടെ മെര്‍സ് ചാന്‍സലറാകാനുള്ള സാധ്യത കുറഞ്ഞു. ഭൂരിപക്ഷത്തിന് 316 വോട്ടുകള്‍ വേണ്ട 630 അംഗ പാര്‍ലമെന്‍റില്‍, 310 അംഗങ്ങളുടെ പിന്തുണ മാത്രമാണ് മെര്‍സിന് ലഭിച്ചത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യ കരാറിന്റെ അടിസ്ഥാനത്തില്‍ 328 സീറ്റാണ് മെര്‍സിന് ലഭിക്കേണ്ടിയിരുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് പാര്‍ലമെന്‍റിലേക്ക് വിജയിച്ച ഒരു സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ത്തന്നെ പരാജയപ്പെടുന്നത്. ബുധനാഴ്ച മെര്‍സിന് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ഉണ്ട്. ഇതിലും പരാജയപ്പെട്ടാല്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ മെര്‍സിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കാനഡയിൽ നിന്നുള്ള വാർത്ത ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിച്ച കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയത്തോടെ പ്രധാനമന്ത്രി പദം മാർക്ക് കാർണി സ്വന്തമാക്കി എന്നതാണ്. കാർണിയുടെ ആദ്യ പ്രഖ്യാപനവും ട്രംപിനുള്ള പ്രഹരമായിരുന്നു. കാനഡ അമേരിക്കയുടെ സംസ്ഥാനമായി മാറണമെന്ന ട്രംപിന്റെ മോഹം ഒരു കാലത്തും നടക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കാർണി പരസ്യമായി പ്രഖ്യാപിച്ചത്. 'ട്രംപിന്‍റെ ആ മോഹം കഴിഞ്ഞു, ഇനിയൊരിക്കലും അത് നടക്കില്ല' - എന്നായിരുന്നു കാർണി പറഞ്ഞത്. കാനഡയും അമേരിക്കയും തമ്മിലുള്ള സംയോജനത്തിന്റെ യുഗം അവസാനിച്ചുവെന്ന് പുതിയ പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനുയായികൾ ആർപ്പുവിളിച്ചപ്പോളായിരുന്നു കാർണിയുടെ പ്രതികരണം. 'കാനഡയ്ക്ക് അഭിവൃദ്ധി കൊണ്ടുവന്ന അമേരിക്കയുമായുള്ള നമ്മുടെ പഴയ ബന്ധം അവസാനിച്ചു', കാനഡയ്ക്ക് മറ്റ് നിരവധി സാധ്യതകൾ ഉണ്ടെന്നും അമേരിക്കയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്നും യു എസ് പ്രസിഡന്റ് ട്രംപിന് കാർണി മുന്നറിയിപ്പും നൽകി.