
ബോസ്റ്റൺ: 14 മണിക്കൂർ യാത്രയ്ക്ക് ശേഷം ദില്ലിയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള വിമാനത്തിൽ ഇന്ധനം തീർന്നു. അടിയന്തരമായി വിമാനം തിരിച്ചുവിട്ടു. ഡിസംബർ 11നാണ് സംഭവം. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റൺ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടേണ്ടി വന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ഇന്ധനക്കുറവ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെയാണ് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഏറ്റവും അടുത്ത വിമാനത്താവളമായ ബോസ്റ്റണിൽ അപ്രതീക്ഷിതമായി ഇറക്കേണ്ടി വന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ നിന്ന് രാവിലെ 8.30 ഓടെ പറന്നുയർന്ന ബോയിംഗ് 787-9 ഡ്രീം ലൈനർ വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. ഫ്ലൈറ്റ് റഡാർ 24 ലെ വിവരങ്ങളും യുഎ 83 വിമാനത്തിലുണ്ടായ ഗതി വ്യത്യാസവും വ്യക്തമാണ്.
രാവിലെ 10 മണിയോടെയാണ് ബോസ്റ്റൺ വിമാനത്താവളത്തിൽ യുണൈറ്റഡ് എയർലൈൻ വിമാനം സുരക്ഷിതമായി ഇറങ്ങിയത്. ഇന്ധനം നിറച്ച ശേഷം 1.12ഓടെ മൂന്ന് മണിക്കൂർ വൈകിയാണ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം നെവാർക്കിൽ പ്രാദേശിക സമയം 2.11ഓടെയാണ് സുരക്ഷിതമായി ഇറങ്ങിയത്. ജെൻഎക്സ് എൻജിനുകളിൽ പ്രവർത്തിക്കുന്ന വിമാനത്തിന് 4.7 വർഷത്തെ പഴക്കമാണ് ഉള്ളത്. ദില്ലിയിൽ നിന്ന് 11786 കിലോമീറ്റർ ആകാശ ദൂരമാണ് ഉള്ളത്. 16 മണിക്കൂറാണ് സാധാരണഗതിയിൽ ഇതിനായി വേണ്ടി വരുന്നത്. ഏറ്റവും ദൈർഘ്യമുള്ള ആകാശ യാത്രകളിലൊന്നാണ് ദില്ലിയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam