ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാതെ റഷ്യയും അമേരിക്കയും; ആശങ്കയറിയിച്ച് യുഎന്‍

By Web TeamFirst Published Aug 2, 2019, 3:58 PM IST
Highlights

ആഗോളതലത്തില്‍ ആണവ വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറാണ് വെള്ളിയാഴ്ച അവസാനിക്കുന്നത്.

ന്യുയോര്‍ക്ക്: ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന അമേരിക്കയുടെയും റഷ്യയുടെയും തീരുമാനത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്‍റെ കാലാവധി കഴിയുന്നത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു. 

ആഗോളതലത്തില്‍  ആണവ വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറാണ് വെള്ളിയാഴ്ച അവസാനിക്കുന്നത്. 1987ലാണ് ഇരുരാജ്യങ്ങളുടെയും പ്രസിഡന്‍റുമാര്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. 500 മുതൽ 5500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകളുടെ പരീക്ഷണം നിരോധിക്കുന്നതായിരുന്നു കരാര്‍. റഷ്യ കരാർ ലംഘിക്കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ പുതുക്കാനില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കൻ തീരുമാനത്തിന് പിന്നാലെ റഷ്യയും കരാറിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഭാവിയിൽ മികച്ച കരാറുമായി അമേരിക്കയും റഷ്യയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ഹ്രസ്വ-മധ്യദൂര മിസൈലുകൾ ഇല്ലാതാക്കാൻ ഇരുരാജ്യങ്ങളും മുന്നോട്ട് വരണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളിലും ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു.
 

click me!