കശ്മീര്‍: യുഎസ് കോണ്‍ഗ്രസ് ഉപസമിതിയിലെ ചര്‍ച്ച പാക് അനുകൂല നാടകമെന്ന് ഇന്ത്യന്‍ പ്രതിനിധി

By Web TeamFirst Published Oct 23, 2019, 3:34 PM IST
Highlights

ഈ ചര്‍ച്ച ഇന്ത്യക്കെതിരായ മുന്‍വിധിയോടെ മാത്രം സംഘടിപ്പിച്ചതാണെന്ന് ആരതി പറഞ്ഞു. പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയ 15,000 കശ്മീരി മുസ്ലീങ്ങള്‍ക്കും കശ്മീര്‍ ഉപേക്ഷിക്കേണ്ടി വന്ന മൂന്ന് ലക്ഷത്തോളം പണ്ഡീറ്റുകള്‍ക്കുമെല്ലാം എതിരായാണ് ഈ ചര്‍ച്ച മുന്നോട്ട് പോകുന്നതെന്നും ആരതി

ദില്ലി:  യുഎസ് കോൺഗ്രസിന്‍റെ വിദേശകാര്യ ഉപസമിതിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തത് പാക്കിസ്ഥാന് അനുകൂലമാകുന്ന രീതിയിലാണെന്ന് ഇന്ത്യന്‍ പ്രതിനിധിയും മാധ്യമപ്രവര്‍ത്തകയുമായ ആരതി ടിക്കു സിംഗ്. കശ്മീരിലെ മുസ്ലീങ്ങള്‍ ഏറ്റവുമധികം സഹിച്ചത് പാക്കിസ്ഥാന്‍റെ അറിവോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും യുഎസ് കോണ്‍ഗ്രസില്‍ ആരതി ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന് അനുകൂലമായി നടത്തിയ നാടകം എന്ന നിലയിലാണ് ചര്‍ച്ചയെ ആരതി വിശേഷിപ്പിച്ചത്. ദക്ഷിണേഷ്യയിലെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ചാണ് സമിതിയില്‍ ചര്‍ച്ച നടന്നത്. കശ്മീരില്‍ നിന്നുള്ള ആരതി ഇന്ത്യന്‍ വാദങ്ങള്‍ ഉയര്‍ത്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ചര്‍ച്ചയ്ക്കിടെ യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറുമായി പല ഘട്ടങ്ങളിലും ആരതി കോര്‍ക്കുന്ന രംഗവുമുണ്ടായി. 

ഈ ചര്‍ച്ച ഇന്ത്യക്കെതിരായ മുന്‍വിധിയോടെ മാത്രം സംഘടിപ്പിച്ചതാണെന്ന് ആരതി പറഞ്ഞു. പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയ 15,000 കശ്മീരി മുസ്ലീങ്ങള്‍ക്കും കശ്മീര്‍ ഉപേക്ഷിക്കേണ്ടി വന്ന മൂന്ന് ലക്ഷത്തോളം പണ്ഡീറ്റുകള്‍ക്കുമെല്ലാം എതിരായാണ് ഈ ചര്‍ച്ച മുന്നോട്ട് പോകുന്നതെന്നും ആരതി പറഞ്ഞു. ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ തുടരുന്ന അവസ്ഥയെ കുറിച്ച് യുഎസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി. 

കശ്മീരില്‍ വീട്ടുതടങ്കലിലുള്ള നേതാക്കളെയും ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കണമെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും യുഎസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങള്‍ കശ്മീരിലെ യഥാര്‍ത്ഥ അവസ്ഥ വളച്ചൊടിച്ചെന്നാണ് ആരതി ഇതിന് മറുപടി നല്‍കിയത്.

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ ജെയ്ഷെ ഇ മുഹമ്മദിന്‍റെ ക്രൂരതകള്‍ ചര്‍ച്ചയില്‍ ആരതി ഉന്നയിക്കുകയും ചെയ്തു. ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രഫസറായ നിതാഷ കൗള്‍ കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതയാണ് പ്രതികരിച്ചത്. 

click me!