
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണ്ണായക വഴിത്തിരിവ്. നിലവിലെ ലീഡ് നില അനുസരിച്ച് ജോ ബൈഡന് 270 ഇലക്ട്രൽ വോട്ടുകളുണ്ട്. മിഷിഗണിൽ 11 ശതമാനം വോട്ടുകൾ മാത്രം എണ്ണാൻ ശേഷിക്കെ ബൈഡനാണ് മുന്നിൽ. വിസ്കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് നിലനിർത്തുന്നുണ്ട്. തന്റെ ലീഡ് നിലയിലുണ്ടായ മാറ്റം വിചിത്രമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. മുന്നേറിയിരുന്ന സംസ്ഥാനങ്ങളിൽ പിന്നോട്ടായത് അംഗീകരിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പോസ്റ്റൽ വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേടിനാണെന്നും ട്രംപ് ആരോപിക്കുന്നു.
ഇനി ഏഴിടങ്ങളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഇതിൽ അഞ്ചിടത്തും ട്രംപിനാണ് ലീഡ് എന്നായിരുന്നു അൽപസമയം മുമ്പ് വരെ പുറത്തു വന്ന വിവരം. ഇതാണ് ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നത്. പെൻസിൽവേനിയയിലും മിഷിഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ സാധ്യതയില്ലാത്തത്. തപാല്‍വോട്ടുകള്‍ എണ്ണാന്‍ വൈകുന്നതിനാല്‍ പെന്‍സില്‍വേനിയയിലും മിഷിഗണിലും വെളളിയാഴ്ച മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്.
ലീഡ് നിലയിൽ മുൻതൂക്കം വന്നപ്പോൾ തന്നെ ആഘോഷങ്ങൾക്ക് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. റിപബ്ലിക്കൻ കോട്ടകൾ എല്ലാം നിലനിർത്തിയ ട്രംപ് സർവ്വേഫലങ്ങളെയെല്ലാം മറികടന്ന് മുന്നേറുകയാണെന്നായിരുന്നു നേരത്തെ വന്ന ഫലസൂചനകൾ. അപ്പോഴും ഉറച്ച വിജയപ്രതീക്ഷയുണ്ട് എന്നായിരുന്നു ബൈഡന്റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam