ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടക്കുന്നത് അമേരിക്കയിൽ; ചൈന ലോകത്തോട് ചെയ്തത് മറക്കരുതെന്നും ട്രംപ്

By Web TeamFirst Published Jul 14, 2020, 1:17 PM IST
Highlights

വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ നല്ല വാർത്ത പുറത്തു വരുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി. 
 

വാഷിം​ഗ്ടൺ:  റഷ്യ, ചൈന, ഇന്ത്യ, ബ്രസീൽ എന്നീ വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി ഡൊണാൾഡ് ട്രംപ്. ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യവും അമേരിക്കയാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇതുവരെ 34 ലക്ഷത്തിലധികം ആളുകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 1,37,000 ത്തിൽ കൂടുതൽ ആളുകളാണ് കൊവിഡ് ബാധ മൂലം മരണപ്പെട്ടത്. ഈ രണ്ട് കണക്കുകളും മറ്റേതൊരു രാജ്യങ്ങളേക്കാൾ കൂടുതലാണ്.

ഭരണകൂടം നടത്തിയ‌ വിപുലമായ പരിശോധനകളുടെ ഫലമായിട്ടാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ കണ്ടെത്താൻ സാധിച്ചതെന്നും ട്രംപ് പറഞ്ഞു. 'മറ്റെല്ലാ രാജ്യങ്ങളേക്കാൾ വിപുലമായിട്ടാണ് ‍ഞങ്ങൾ പരിശോധനകൾ  നടത്തുന്നത്. നിങ്ങൾ പരിശോധന നടത്തുമ്പോൾ രോ​ഗികളെ കണ്ടെത്തുന്നു. ഞങ്ങളുടെ പരിശോധനയുടെ ഫലമാണ് കൊവിഡ് രോ​ഗികളുടെ കണ്ടെത്തൽ.' ട്രംപ് പറഞ്ഞു. വളരെ മികച്ച രീതിയിലാണ് തങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നും ട്രംപ് കൂട്ടിച്ചേർത്തു. വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ നല്ല വാർത്ത പുറത്തു വരുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി. 

'ചില രാജ്യങ്ങളിൽ ആശുപത്രിയിൽ പോകുമ്പോഴോ രോഗം വന്ന' ഡോക്ടറെ കാണുമ്പോഴോ മാത്രമാണ് പരിശോധന നടക്കുന്നത്. അതു കൊണ്ട് തന്നെ അവർക്ക് കേസ് കുറവാണ്. എന്നാൽ ഞങ്ങൾക്ക് ഈ കേസെല്ലാം ഉൾപ്പെടുന്നു. അതു കൊണ്ട് തന്നെ ഇത് ഇരുതലമൂർച്ചയുള്ള വാളാണ്.
ബ്രസീൽ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ പരിശോധന നടത്തുന്ന കാര്യത്തിൽ അവർ വളരെ പിന്നിലാണ്.'  ചൈന ലോകത്തോട് ചെയ്തത് മറക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. 'ചൈനയിൽ നിന്ന് വന്ന പകർച്ചവ്യാധിയെ നിങ്ങൾക്ക് ചൈന വൈറസ് എന്ന് വിളിക്കാം. നിങ്ങൾ വിളിക്കാൻ ആ​ഗ്രഹിക്കുന്നതെന്തും വിളിക്കാം. ഏകദേശം ഇരുപതോളം വ്യത്യസ്ത പേരുകളുണ്ടിതിന്. അവർ ലോകത്തോട് ചെയ്ത് എന്താണെന്ന് മറക്കരുത്.' ട്രംപ് വ്യക്തമാക്കി. 


 

click me!