അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത, രണ്ട് പേർക്ക് വെടിയേറ്റെന്ന് പൊലീസ്, പിസ്റ്റൾ കണ്ടെത്തി

By Web TeamFirst Published Feb 14, 2024, 5:54 AM IST
Highlights

ആനന്ദ് സുജിതിന്റെയും ആലീസ് പ്രിയങ്കയുടെയും മൃതദേഹങ്ങള്‍ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവര്‍ക്കും വെടിയേറ്റതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം: യു.എസിലെ കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സാൻ മറ്റെയോ പൊലീസ് അറിയിച്ചു. എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കൾ പങ്കുവെച്ചിരുന്നു. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണത്തിൽ ദൂരുഹതകളുണ്ടെന്ന് വ്യക്തമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം....

click me!