
വാഷിങ്ടൺ ഡിസി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവാർഡ് ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ട്. തന്നോടുള്ള ബഹുമാനാർത്ഥം താനിത് അർഹിക്കുന്നത് കൊണ്ടാണ് സമാധാന നോബേൽ സ്വീകരിക്കുന്നതെന്ന് മരിയ കൊറിന മചാഡോ തന്നെ വിളിച്ച് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.
വെനസ്വേലയിൽ മരിയ കൊറിന മചാഡോയെ താൻ ഏറെക്കാലമായി സഹായിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അവർക്ക് വെനസ്വേലയിൽ ഒരുപാട് സഹായം ആവശ്യമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിച്ചതിൽ താൻ സന്തോഷവാനാണെന്നും ട്രംപ് വൈറ്റ് ഹൗസിലെത്തിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ വർഷത്തെ സമാധാന നോബേൽ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം പരിഗണിച്ചാണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നോബേൽ നൽകിയത്.
'ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു. ഓരോന്നിനും തനിക്ക് നോബേൽ സമ്മാനം ലഭിക്കേണ്ടതാണ്. പക്ഷെ അവർ പറഞ്ഞത് റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കിൽ നോബേൽ സമ്മാനം തനിക്ക് ലഭിക്കുമെന്നാണ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച കാര്യം ഞാൻ അവരോട് പറഞ്ഞു. എന്നാൽ ആ ഒരു യുദ്ധം അത് വലുതാണ്,' ട്രംപ് കൂട്ടിച്ചേർത്തു. അർമേനിയ-അസർബൈജാൻ, കൊസോവോ - സെർബിയ, ഇസ്രയേൽ - ഇറാൻ, ഈജിപ്റ്റ് - എത്യോപ്യ, റുവാണ്ട-കോംഗോ യുദ്ധങ്ങൾ അവസാനിപ്പിച്ചത് തൻ്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam