
ടെക്സസ്: അമേരിക്കയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന അഞ്ചാം പനി അമേരിക്കയിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ടെക്സസിന്റെ പടിഞ്ഞാറൻ മേഖലകളിലെ ഗ്രാമപ്രദേശങ്ങളിൽ 120ലേറെ പേർക്ക് അഞ്ചാം പനി പിടിപെട്ടെന്ന വാർത്തകൾക്ക് പിന്നാലെ അമേരിക്കയിൽ ഒരു ദശാബ്ദത്തിന് ശേഷം അഞ്ചാം പനി മൂലമുള്ള ആദ്യത്തെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇതിന് മുമ്പ് 2015ലാണ് അമേരിക്കയിൽ അവസാനമായി അഞ്ചാം പനി ബാധിച്ചുള്ള മരണം സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ വെസ്റ്റ് ടെക്സസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയുടെ തുടർച്ചയായാണ് ഒരു കുട്ടി മരിച്ചതെന്നും, ഈ കുട്ടിയ്ക്ക് അഞ്ചാം പനിക്കെതിരായ പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. ഈസ്റ്റേൺ ന്യൂ മെക്സികോയിൽ ഒൻപത് പേർക്കും അഞ്ചാം പനി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുന്നതിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാവൂ എന്ന് അധികൃതർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ 95 ശതമാനം പേരും വാക്സിനെടുത്തു കഴിഞ്ഞാൽ രോഗത്തെ അതിജീവിക്കാനാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തീവ്രവ്യാപന ശേഷിയുള്ള വൈറസുകൾ വഴി പടരുന്ന രോഗമാണ് അഞ്ചാംപനി. ശ്വസനവ്യവസ്ഥയെയാണ് ഇവ ബാധിക്കുക. രോഗിയിൽ നിന്ന് വായുവിലൂടെ ഇവ പകരുന്നതിനാൽ രോഗിയുടെ നിശ്വാസ വായുവിലൂടെയും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴും മറ്റൊരാളിലേക്ക് പകരും. കുട്ടികളെയാണ് പ്രധാനമായും അഞ്ചാംപനി ബാധിക്കുന്നത്. രോഗിയായ ഒരാളിൽ നിന്ന് സാധരണയായി 15 പേരിലേക്കെങ്കിലും രോഗം വ്യാപിക്കുമെന്നാണ് കണക്ക്. ഇത്തരത്തിൽ തീവ്ര വ്യാപന ശേഷിയുള്ള വൈറസുകൾ കുറവാണ്.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന രോഗം പിന്നീട് ശരീരം മുഴുവൻ വ്യാപിക്കും. ശക്തമായ പനിയും ജലദോശവും ചുമയും കണ്ണിൽ ചുവപ്പും ശരീരത്തിൽ പാടുകളും ഉൾപ്പെടെയുള്ള ലക്ഷണങ്ങളും ഉണ്ടാവും. ആദ്യ രോഗലക്ഷണങ്ങൾ പ്രകടമായാൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ കഴിഞ്ഞ് ശരീരത്തിൽ തടിപ്പുകളും പാടുകളുമുണ്ടാവും. ഈ സമയത്ത് 104 ഡിഗ്രി വരെ ശക്തമായ പനിയുണ്ടാവുകയും ചെയ്യും.
അഞ്ചാംപനിക്ക് പ്രത്യേകമായ ചികിത്സകളില്ലാത്തതിനാൽ തന്നെ രോഗ ലക്ഷണങ്ങൾക്ക് ചികിത്സ നൽകുകയാണ് ചെയ്യുന്നത്. ഒരിക്കൽ അഞ്ചാം പനി ബാധിച്ചവർക്ക് പിന്നീട് സാധാരണ ഗതിയിൽ രോഗം ബാധിക്കുകയില്ല. ജീവാപായം ഉണ്ടാവാൻ സാധ്യതയില്ലാത്ത രോഗമാണെങ്കിലും അപൂർവമായി ജീവനെടുക്കുന്ന സാഹചര്യങ്ങളുമുണ്ടാവാറുണ്ട്. രോഗികളായ കുട്ടികളിൽ ചെറിയ ശതമാനത്തിന് ഇതോടൊപ്പം ന്യൂമോണിയ പിടിപെടാനോ തലച്ചോറിൽ നീർക്കെട്ട് ഉണ്ടാവാനോ സാധ്യതയുണ്ട്.
പ്രതിരോധ കുത്തിവെയ്ക്കാണ് ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധ മാർഗം. ചെറിയ കുട്ടികൾക്ക് 12 മുതൽ 15 മാസത്തിനിടെ എംഎംആർ വാക്സിന്റെ ഒന്നാം ഡോസും നാല് മുതൽ ആറ് വയസിനിടയിൽ രണ്ടാം ഡോസും നൽകും. കൃത്യമായ രോഗപ്രതിരോധം ഉറപ്പുനൽകാൻ സാധിക്കുന്ന ഫലപ്രദമായ വാക്സിനാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം