
വാഷിങ്ടൺ: ബ്രസീലിനെതിരെ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പുതിയ നിയമം പാസായത്. ഭരണ അട്ടിമറി ശ്രമത്തിൻ്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡൻ്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിൻ്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്.
ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ.
ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്തമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്. ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ശക്തമായി പാർട്ടി ആവശ്യപ്പെടുന്നുണ്ട്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അത് ട്രംപിന് വലിയ തിരിച്ചടിയാകും.
അതേസമയം മലേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങൾ സന്ദർശിക്കുകയാണ്. വ്യാഴാഴ്ച ചൈനയുടെ ഷി ജിൻപിങ്ങുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെയാണ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ഞെട്ടിച്ച് യുഎസ് സെനറ്റിൽ പാർട്ടി അംഗങ്ങൾ പോലും വോട്ട് ചെയ്തത്. ട്രംപിൻ്റെ താരിഫ് നടപടികൾ യുഎസ് പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതാണെന്നും സാധനങ്ങളുടെ വില ഉയരുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിൽ, കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകൾ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം സെനറ്റ് പാസാക്കിയിരുന്നു. 15 വർഷത്തിനിടെ ബ്രസീലുമായി 410 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം യുഎസിന് ഉണ്ടായതായി ബ്രസീലിയൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam