
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ അമേരിക്കയ്ക്ക് ചെലവായത് 11 ബില്യൺ ഡോളറിലധികം (ഏകദേശം 9.5 ലക്ഷം കോടി രൂപ). മാർച്ച് നാലിന് യുദ്ധം തുടങ്ങിയ ശേഷമുള്ള കണക്കാണ് വിദേശ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധം തുടർന്നാൽ കൂടുതൽ തുക ആവശ്യമായി വരുമെന്നാണ് വൈറ്റ് ഹൗസിലെ ഉന്നതരുടെ പേര് വെളിപ്പെടുത്താതെയുള്ള പ്രതികരണം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. പേർഷ്യൻ ഗൾഫ് കടലിൽ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും പ്രവർത്തനത്തിനാണ് അമേരിക്കയ്ക്ക് കൂടുതൽ പണം ചെലവായത്.
ഇറാൻ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും തടയാൻ ഉപയോഗിക്കുന്ന അത്യാധുനിക പ്രതിരോധ മിസൈലുകൾക്കും വൻ തുക ചെലവായി. കൂടാതെ, പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അമേരിക്കൻ സൈനികരുടെ വിന്യാസത്തിനും തുക ചെലവായി. യുദ്ധം കൂടുതൽ കാലം നീണ്ടുനിന്നാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിദിനം ഏകദേശം 1.5 ബില്യൺ ഡോളറിലധികം സൈനിക ആവശ്യങ്ങൾക്കായി മാത്രം അമേരിക്കയ്ക്ക് ചിലവാകുന്നുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ സഖ്യരാഷ്ട്രങ്ങൾക്ക് നൽകുന്ന സൈനിക സഹായങ്ങളും അമേരിക്കയുടെ സാമ്പത്തിക ഭാരം കൂട്ടി. യുദ്ധത്തിന് കൂടുതൽ പണം ചെലവഴിക്കാൻ അനുമതി തേടി ട്രംപ് ഭരണകൂടം ഉടൻ യുഎസ് കോൺഗ്രസിനെ സമീപിക്കുമെന്നാണ് കരുതുന്നത്.
ഇതിനെല്ലാം പുറമെ ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതും ചരക്ക് നീക്കം തടസ്സപ്പെടുന്നതും അമേരിക്കയ്ക്കും യുദ്ധത്തിൽ പങ്കാളിയല്ലാത്ത ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. എണ്ണ ഇറക്കുമതിക്കായി മാത്രം വരും ദിവസങ്ങളിൽ അമേരിക്ക വൻ തുക അധികമായി കണ്ടെത്തേണ്ടി വരും. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളേക്കാൾ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഒന്നായി ഇറാനെതിരായ സൈനിക നീക്കം മാറിയത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam