
വാഷിങ്ടൺ: അപ്രതീക്ഷിതമായി യുവതിയെ തേടി ഭാഗ്യമെത്തി. തന്റെ അലമാരയിൽ സൂക്ഷിച്ചുവെച്ച ലോട്ടറികളൊന്നിലെ ഒന്നാം സമ്മാനമടിച്ചതോടെയാണ് യുവതിയുടെ ഭാഗ്യം തെളിഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിർജീനിയയിലെ ആൽഫ്രെഡ ഹോക്കിൻസ് എന്ന സ്ത്രീക്കാണ് തന്റെ അലമാരയിൽ ഒളിപ്പിച്ച പഴയ ലോട്ടറി ടിക്കറ്റുകളിലൊന്നിന് ഒരുലക്ഷം ഡോളർ (88 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. അലമാരയിലെ പെട്ടിയിൽനിന്നാണ് ടിക്കറ്റ് ലഭിച്ചതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വീട് വൃത്തിയാക്കുന്നതിനിടെയാണ് ആൽഫ്രെഡ ഹോക്കിൻസ് ടിക്കറ്റുകൾ കണ്ടത്. സ്ക്രാച്ച് ചെയ്യാൻ ചെയ്തപ്പോൾ അവയിലൊന്നിന് സമ്മാനത്തിന് അർഹമാണെന്ന് മനസ്സിലാക്കി. സന്തോഷം കൊണ്ട് താൻ തുള്ളിച്ചാടിയെന്ന് അവർ പറഞ്ഞു.
റിച്ച്മണ്ടിലെ ഒരു ഷോപ്പ് & ഗോ കൺവീനിയൻസ് സ്റ്റോറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. രസകരമെന്നു പറയട്ടെ, എക്‌സ്ട്രീം ക്യാഷ് സ്ക്രാച്ച്-ഓഫ് ഗെയിമിന് ലഭ്യമായ അവസാനത്തെ സമ്മാനം കൂടിയായിരുന്നു ഇതെന്ന് ലോട്ടറി ഉദ്യോഗസ്ഥർ പറഞ്ഞു. പണം എന്തുചെയ്യണമെന്നതിൽ പദ്ധതികളൊന്നുമില്ലെങ്കിലും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു. പ്രത്യേകിച്ച് അമേരിക്കയുടെ ലോട്ടറി ജ്വരം കൊടുമ്പിരി കൊള്ളുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഗാ മില്യൺസ് ജാക്ക്പോട്ട് ഇപ്പോൾ 520 മില്യൺ ഡോളറായി ഉയർന്നു. അതേസമയം പവർബോൾ ജാക്ക്പോട്ട് 174 മില്യൺ ഡോളറായും ഉയർന്നു. മിഷിഗണിലെ മകോംബ് കൗണ്ടിയിൽ നിന്നുള്ള ഒരാൾക്ക് ഏഴ് കോടിയുടെ ജാക്പോട്ട് ലഭിച്ചു.