
വാഷിങ്ടണ്‍: റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്നാണ് അറിയിച്ചത്. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
നിലവിൽ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരമൊരു താൽക്കാലിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. ഇത് ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയാനും വില കൂടാനും കാരണമായി. എണ്ണവില ബാരലിനു 100 ഡോളറിനു മുകളിൽ പോയി. വിപണി സുസ്ഥിരമാക്കാനാണ് ഇളവുകൾ നൽകിയതെന്നായിരുന്നു ട്രംപിന്‍റ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam