
ലാഹോര്‍: ലോകമാകെ കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. ശാസ്ത്രലോകം ഈ വൈറസിനെ തുരത്താനുള്ള വാക്സിനായി പരിശ്രമം തുടരുന്നു. ഇതിനിടെ കൊറോണ വൈറസിനെ മാറ്റി നിര്‍ത്താനുള്ള വിചിത്ര പ്രതിവിധിയാണ് പാക് രാഷ്ട്രീയ നേതാവായ ഫസല്‍ -ഉര്‍- റഹ്മാന്‍ മുന്നോട്ട് വച്ചത്. മുതിര്‍ന്ന പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി നേതാവാണ് ഫസല്‍.
നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് നിര്‍ദേശിക്കുന്നതെന്നും ഫസല്‍ പറഞ്ഞു. നമ്മള്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍, വൈറസും ഉറങ്ങും. അപ്പോള്‍ അതിന് നിങ്ങളെ ഉപദ്രവിക്കാനും സാധിക്കില്ല. അതുപോലെ തന്നെ നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ അതും മരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഫസല്‍ ഇക്കാര്യം പറയുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെ ഒരുപാട് പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വൈറസ് സംസാരിക്കുമ്പോഴാണ് ഇദ്ദേഹവും സംസാരിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. നേരത്തെ, സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് മഹാമാരി പടരാന്‍ കാരണമായതെന്നുള്ള പാക് പുരോഹിതന്‍റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
മൗലാന താരിഖ് ജമീല്‍ എന്ന പുരോഹിതന്‍റെ വാക്കുകളാണ് വിവാദമായത്. സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെയും അവരുടെ വേഷവിധാനത്തെയും കുറ്റപ്പെടുത്തിയ പുരോഹിതന്‍ രാജ്യത്തിന് മുകളിലേക്ക് ദൈവത്തിന്‍റെ ശിക്ഷ വീഴാന്‍ കാരണം ഇതൊക്കെയാണെന്നും പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam