
ദില്ലി: കംബോഡിയയിലെ ഹിന്ദു ദൈവത്തിന്റെ വിഗ്രഹം തായ് സൈന്യം തകർത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. തായ്‍വാൻ-കംബോഡിയ സൈനിക സംഘർഷം തുടരുന്നതിനിടെ, ഇത്തരം അനാദരവ് നിറഞ്ഞ പ്രവൃത്തികൾ ലോകമെമ്പാടുമുള്ള ഹിന്ദുമതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് നടക്കാൻ പാടില്ലാത്തതാണെന്നും ഇന്ത്യ പറഞ്ഞു.
തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് അടുത്തിടെ നിർമ്മിച്ച ഒരു ഹിന്ദു മത ദേവന്റെ പ്രതിമ പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾ ഹിന്ദു, ബുദ്ധ ദേവതകളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും നമ്മുടെ നാഗരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സമാധാനം നിലനിൽക്കാൻ അനുവദിക്കുന്നതിനും ജീവഹാനിയും സ്വത്തുനാശവും തടയുന്നതിനും സംഭാഷണവും നയതന്ത്രവും ഉപയോഗിക്കണമെന്ന് ഇന്ത്യ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ഉണ്ടായിട്ടും, ഈ മാസം സംഘർഷം പുനരാരംഭിച്ചു.
ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് വിഷ്ണു പ്രതിമ തകർക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കംബോഡിയൻ പ്രദേശമായ ആൻ സെസ് പ്രദേശത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്ന് പ്രീഹ് വിഹാറിന്റെ വക്താവ് ലിം ചാൻപൻഹ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 2014 ൽ നിർമ്മിച്ച വിഷ്ണു പ്രതിമ തിങ്കളാഴ്ചയാണ് പൊളിച്ചത്. പ്രതിമ തായ്‌ലൻഡ് അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ (328 അടി) അകലെയാണെന്നും ചാൻപൻഹ പറഞ്ഞു. ബുദ്ധമതക്കാരും ഹിന്ദുമതക്കാരും ആരാധിക്കുന്ന പുരാതന ക്ഷേത്രങ്ങളും പ്രതിമകളും നശിപ്പിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നുവെന്നും ചാൻപൻഹ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam