
വാഷിംഗ്ടണ്‍: നീണ്ടു പോകുന്ന യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നടത്തിയ ഫോൺ സംഭാഷണം വിവാദത്തിൽ. നിർണായക ഫോൺ സംഭാഷണത്തിന് പുടിൻ ഡോണൾഡ് ട്രംപിനെ ഒരു മണിക്കൂറിലധികം കാത്തിരിപ്പിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുടിൻ ട്രംപിനെ അപമാനിച്ചെന്നാണ് വിമർശനം. ട്രംപും പുടിനും ചൊവ്വാഴ്ച ഒന്നര മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നു.
യുഎസ് പ്രസിഡന്‍റും ടീമും പുടിനോട് യുക്രൈനിൽ 30 ദിവസം വെടി നിർത്തൽ ആവശ്യപ്പെട്ടെന്നും, ഈ ആവശ്യം പുടിൻ തള്ളിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, യുക്രൈനിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനെതിരായ ആക്രമണങ്ങൾ പരിമിതപ്പെടുത്താൻ പുടിൻ സമ്മതിച്ചുവെന്നുമാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള സംഭാഷണം യുക്രൈൻ-റഷ്യ യുദ്ധത്തിൽ ചെറിയരീതിയിൽ ആശ്വാസമുണ്ടാക്കുന്ന തീരുമാനങ്ങളിലെത്തിയെങ്കിലും ഫോൺ സംഭാഷണത്തിനായി പുടിൻ ട്രംപിനെ ഒരു മണിക്കൂറോളം കാത്തു നിർത്തി എന്നതാണ് വലിയ ചർച്ചയായിരിക്കുന്നത്.
പുടിൻ ട്രംപിനെ 60 മിനിറ്റിലധികം കാത്തിരിപ്പിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ സംഭാഷണത്തിന് തൊട്ടുമുമ്പ് പുടിൻ ഒരു മോസ്കോയിൽ ഒരു വാർഷിക പരിപാടിയിൽ വ്യവസായികളോടും ബിസിനസ്സുകാരോടും സംവദിക്കുകയായിരുന്നു. ട്രംപിനുമായുള്ള ഫോൺ സംഭാഷണം വൈകുന്നുവെന്ന മുന്നറിയിപ്പ് അദ്ദേഹം ചിരിച്ചു തള്ളിയെന്നാണ് റിപ്പോര്‍ട്ടുകൾ.
ചൊവ്വാഴ്ച റഷ്യൻ സമയം വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിൽ ട്രംപുമായുള്ള ഷെഡ്യൂൾ ചെയ്ത ഫോൺ സംഭാഷണത്തിന് തൊട്ടുമുമ്പായിരുന്നു മോസ്കോയിൽ വ്യവസായികളോടും ബിസിനസ്സുകാരുമായുള്ള പുടിന്‍റെ സംവാദ പരിപാടി നടന്നത്. വൈകുന്നേരം നാല് മണിക്ക് ശേഷം, ഫോൺ സംഭാഷണത്തിന് വൈകുകയാണെന്ന് അവതാരകൻ പുടിനെ ഓർമ്മിപ്പിച്ചു. എന്നാൽ ഇതിനോട് റഷ്യൻ പ്രസിഡന്‍റ് പുഞ്ചിരിക്കുകയും തോളുകൾ കുലുക്കുകയും ചെയ്തുവെന്നാണ് ദ് സൺ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിപാടിയിൽ പങ്കെടുത്ത ശേഷം പുടിൻ 5 മണിയോടെയാണ് ക്രെംലിനിൽ എത്തിയത്. ഷെഡ്യൂൾ ചെയ്തതിൽ നിന്നും ഒരു മണിക്കൂർ വൈകിയാണ് പുടിനും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read More : എർദോഗാന്റെ പ്രധാന എതിരാളിയായ ഇസ്താംബുൾ മേയറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ബിരുദം റദ്ദാക്കി 'മുന്‍കരുതല്‍'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam