
ടെഹ്റാൻ: അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് തക്കതായ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.
'അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവര്‍ വിവേകമുള്ളവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നു തുടര്‍ നടപടികളുണ്ടാവില്ല.' റൂഹാനി പറഞ്ഞു.
'മേഖലയിലെ മറ്റ് രാജ്യങ്ങളില്‍നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാല് തന്നെ ഞങ്ങള്‍ ഛേദിക്കും.' റൂഹാനി പറഞ്ഞു.