
മോസ്കോ : യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈൻ പിന്നിൽ പാശ്ചാത്യ രാജ്യങ്ങളാണ്. യുദ്ധത്തെ പ്രാദേശിക പ്രശ്നമെന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്‍റ്, പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ ആഗോള പ്രശ്നമാക്കിയെന്നും കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീവ് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പാർലമെന്‍റിലെ പ്രസ്താവനകൾ.
യുക്രൈയ്ൻ അധിനിവേശത്തിന് ഒരു വർഷമാകാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് റഷ്യൻ പ്രസിഡന്‍റ് പാർലമെന്റിന്‍റെ സംയുക്ത സഭയെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്തത്. യുക്രെയ്ൻ യുദ്ധത്തെ മുൻ നിർത്തി രൂക്ഷ വിമർശനമാണ് പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മേൽ നടത്തിയത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ് യുക്രെയ്ന് പിന്നിൽ. നാറ്റോ തങ്ങളുടെ അതിർത്തി റഷ്യ
വരെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരായ പ്രതിരോധമാണ് റഷ്യ നടത്തുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യയുടെ യുദ്ധം യുക്രൈയ്ന് എതിരല്ലെന്നും കീവ് ഭരണകൂടത്തിന് എതിരെയാണെന്നും കൂടി പുടിൻ പറഞ്ഞു.
സമാധാനപരമായി യുക്രൈയ്നുമായുള്ള പ്രശ്നം പരിഹരിക്കാൻ റഷ്യ തയ്യാറായിരുന്നുവെന്നും എന്നാൽ അപ്പോഴേക്കും സ്ഥിതിഗതികൾ മാറിപ്പോയെന്നും പുടിൻ പാർലമെന്‍റിൽ അറിയിച്ചു. 2021ന് ശേഷം ആദ്യമായാണ് ഇരുസഭകളിലുമായി പുടിൻ പ്രസ്താവന നടത്തുന്നത്.
വിദേശ ഏജന്‍റുകളെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങൾക്ക് ഇത്തവണ മോസ്കോയിലെ ഗോസ്റ്റിനി ഡ്വോർ ഹാളിൽ നടന്ന പരിപാടിയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam