ബ്ലാക്ക് ലൈവ്സ് മാറ്റർ റാലിക്കുനേരെ യന്ത്രത്തോക്ക് ചൂണ്ടി ആക്രോശിച്ച് ദമ്പതികൾ

By Web TeamFirst Published Jun 29, 2020, 2:18 PM IST
Highlights

പ്രതിഷേധം തങ്ങളുടെ വീടിനു മുന്നിലൂടെ കടന്നുപോയപ്പോൾ ബഹളമുണ്ടായതിൽ കുപിതരായാണ് ദമ്പതികൾ തങ്ങളുടെ ആയുധങ്ങളും ചൂണ്ടിക്കൊണ്ട് റാലിക്കു നേരെ തിരിഞ്ഞത്. 

പ്രതിഷേധ റാലിയുമായി തങ്ങളുടെ ബംഗ്ലാവിനു മുന്നിലെ നിരത്തിലൂടെ കടന്നുപോയ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രകടനത്തിന് നേരെ യന്ത്രത്തോക്ക് ചൂണ്ടി ദമ്പതികൾ. അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഒന്നായ മിസ്സൂറിയിലെ സെന്റ് ലൂയിസിൽ ആണ് സംഭവം. ടൗണിലെ പോഷ് റെസിഡൻഷ്യൽ ഏരിയയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഈ ധനിക ദമ്പതികളുടെ വീടിനു മുന്നിലൂടെ രണ്ടു ബ്ലോക്ക് അപ്പുറത്തുള്ള സിറ്റി മേയറുടെ വീട്ടിലേക്ക് പ്രതിഷേധ റാലിയായി വളരെ സമാധാനപരമായി മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് പൊയ്ക്കൊണ്ടിരുന്ന മുന്നൂറോളം ആഫ്രോഅമേരിക്കൻ വംശജർക്ക് നേരെയാണ് ഈ ദമ്പതികൾ യന്ത്രതോക്കടക്കമുള്ള ആയുധങ്ങൾ ചൂണ്ടി ആക്രോശങ്ങളുമായി എത്തിയത്. 

 

A couple has come out of their house and is pointing guns at protesters in their neighborhood pic.twitter.com/ZJ8a553PAU

— Daniel Shular (@xshularx)

 

ഭർത്താവിന്റെ കയ്യിൽ ഒരു സെമി ഓട്ടോമാറ്റിക് യന്ത്രത്തോക്കും ഭാര്യയുടെ കയ്യിൽ ഒരു കുഞ്ഞു പിസ്റ്റളും ആണുണ്ടായിരുന്നത്. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന, 'ഹാൻഡ്‌സ് അപ്പ്, ഡോണ്ട് ഷൂട്ട്' എന്നെഴുതിയ ടി ഷർട്ട് ധരിച്ച ഒരു യുവാവ് പ്രകടനത്തിലുണ്ടായിരുന്നവരെ സമാധാനിപ്പിച്ച് മുന്നോട്ട് നയിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കോടിക്കണക്കിനു രൂപ ചെലവിട്ട് ഇന്റീരിയർ വളരെ പോഷ് ആയ രീതിയിൽ പുതുക്കിപ്പണിഞ്ഞ ഇവിടത്തെ മാളികയിലേക്ക് ഈ ധനിക ദമ്പതികൾ താമസം മാറിയിട്ട് ദിവസങ്ങൾ തികയും മുമ്പാണ് ഈ അനിഷ്ടസംഭവം ഉണ്ടാകുന്നത്. 

 

 

പോലീസിനുള്ള ധനസഹായം വെട്ടിച്ചുരുക്കണം എന്നാവശ്യപെട്ട പ്രതിഷേധക്കാരുടെ പേരുവിവരങ്ങൾ മേയർ വെളിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മേയർ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ റാലി, മേയറുടെ വീടിനു മുന്നിലേക്ക് നടത്തപ്പെട്ടത്. മേയറുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഈ ദമ്പതികളുടെ കൊട്ടാര സദൃശമായ ബംഗ്ളാവ് സ്ഥിതിചെയ്തിരുന്നത്. പ്രതിഷേധം തങ്ങളുടെ വീടിനു മുന്നിലൂടെ കടന്നുപോയപ്പോൾ ബഹളമുണ്ടായതിൽ കുപിതരായാണ് ദമ്പതികൾ തങ്ങളുടെ ആയുധങ്ങളും ചൂണ്ടിക്കൊണ്ട് റാലിക്കു നേരെ തിരിഞ്ഞത്. 

click me!