
വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വൈറ്റ് ഹൗസ് ഔദ്യോഗികമായി തള്ളി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാന് മുന്നറിയിപ്പ് നൽകുന്നതിനിയിൽ നടത്തിയ 'ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ പ്രയോഗിക്കും' എന്ന പരാമർശം ആണവായുധങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്നും സമൂഹമാധ്യമങ്ങളിൽ വരുന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ ഇറാനെതിരായ അന്ത്യശാസനം നീട്ടാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തയ്യാറാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് ഈ സുപ്രധാന വിശദീകരണം നൽകിയത്. ഇതോടെ മേഖലയിൽ ആണവയുദ്ധമുണ്ടാകുമെന്ന ആഗോള ആശങ്കയ്ക്ക് താൽക്കാലിക ശമനമായിട്ടുണ്ട്.
ഇറാനെതിരായ 'ചൊവ്വാഴ്ച' അന്ത്യശാസനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് തിരുത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സമയപരിധി നീട്ടാൻ തയ്യാറാണെന്നാണ് ട്രംപ് സൂചന നൽകിയത്. പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് വലിയ ആശ്വാസമാകുന്നതാണ് ട്രംപിന്‍റെ മനംമാറ്റം. ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന കടുത്ത ഭീഷണി അവരെ ചർച്ചകളിൽ നിന്ന് പിന്നോട്ടുവലിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ മനംമാറ്റം. അതേസമയം, ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി വൈറ്റ് ഹൗസ് തള്ളിയതായും സിവിലിയൻ കേന്ദ്രങ്ങൾ തകർക്കരുതെന്ന് കാനഡ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ചർച്ചകൾക്കുള്ള വാതിലുകൾ തങ്ങൾ അടച്ചിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ സമാധാന പ്രതീക്ഷകൾ വീണ്ടും സജീവമാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam