
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
"ഉച്ചകോടിയുടെ പ്രഖ്യാപനം ചർച്ച ചെയ്യുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി," വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറ്റ് മുൻഗണന വിഷയങ്ങൾക്കിടയിൽ, നിലവിലെ ഭക്ഷ്യ-ഊർജ്ജ സുരക്ഷാ വെല്ലുവിളികളെ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. അതേ സമയം പ്രതിരോധശേഷിയുള്ള ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ബാലിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഇന്തോനേഷ്യയിൽ നിന്ന് മടങ്ങി. സമാപന സമ്മേളനത്തില്‍ അടുത്ത ജി20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു.
അടുത്ത വർഷത്തെ ഇന്ത്യയുടെ ജി 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തെ പിന്തുണക്കാൻ ആഗ്രഹിക്കുന്നതായും ജീൻ പിയറി വ്യക്തമാക്കി. ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി20യിലെ സമാപന സമ്മേളനത്തില്‍ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോ മോദിക്ക് ആതിഥേയ രാജ്യത്തിനുള്ള ബാറ്റണ്‍ കൈമാറി. 'വസുധൈവ കുടുംബകം' എന്ന ആശയം മുൻനിര്‍ത്തി ഒരു വർഷത്തെ നടപടികൾ അടുത്ത മാസം ഒന്നിന് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ തുടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam