'അവരും രോഗവാഹകരാകാം'; കൊവിഡ് പ്രതിരോധത്തിൽ കുട്ടികൾക്ക് മാര്‍ഗരേഖയുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Aug 23, 2020, 6:49 AM IST
Highlights

അഞ്ച് വയസിൽ താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ.

ജനീവ: 12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കൊവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം. 

രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവ പരിഗണിക്കണം. അഞ്ച് വയസിൽ താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശിക്കുന്നു. ഡബ്ല്യുഎച്ച്ഒയും യൂനീസെഫും സംയുക്തമായി വെബ്സൈറ്റിലൂടെയാണ് ആദ്യമായി കുട്ടികൾക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. 

അതിനിടെ ലോകത്ത് കൊവിഡ് മരണം എട്ട് ലക്ഷം കടന്നു. 2 കോടി 33 ലക്ഷത്തിലധികമാണ് കൊവിഡ് ബാധിതര്‍. അമേരിക്കയിൽ പുതുതായി 951 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒരുലക്ഷത്തി എൻപതിനായിരത്തിലധികമാണ് അമേരിക്കയിൽ ആകെ മരണം. 59 ലക്ഷത്തോടുക്കുകയാണ് അമേരിക്കയിലെ രോഗികൾ. ഒരുലക്ഷത്തി പതിനാലായിരത്തിലധികം പേര്‍ മരിച്ച ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 36 ലക്ഷത്തോടടുക്കുകയാണ്.

click me!