
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം സ്ഥിരീകരിച്ച് വൈറ്റ് ഹൗസാണ് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. പൊളിട്ടിക്കൽ കമ്യൂണിക്കേഷൻ മേഖലയിൽ പുതുമുഖമല്ല ഖുഷ്. മുൻ മാധ്യമ പ്രവർത്തകനായിരുന്ന ദേശായി റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ 2024ന്റെ ഡെപ്യൂട്ടി കമ്യൂണിക്കേഷൻസ് ഡയറക്ടറായും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അയോവയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ, റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ സ്വിങ് സ്റ്റേറ്റ്സ് ഡെപ്യൂട്ടിയായും പെൻസിൽവാനിയ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചു. യുഎസിൽ ഏഴ് സ്വിങ് സ്റ്റേറ്റ്സ് ആണുള്ളത്. ഇവിടെയെല്ലാം ട്രംപ് വിജയം കൈവരിച്ചതും ഖുഷ് ദേശായിക്ക് പുതിയ സ്ഥാനത്തേക്ക് വഴിതുറക്കുന്നതിൽ നിര്‍ണായകമായി. രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് വാഷിങ്ടൺ ആസ്ഥാനമായുള്ള പത്രത്തിൽ 10 മാസത്തോളം പ്രവർത്തിച്ചിരുന്നു.
read more: റിട്ടേൺ ടിക്കറ്റ് ഇല്ല; ഇന്ത്യൻ ദമ്പതികൾക്ക് യുഎസിലേക്കുള്ള പ്രവേശനം നിഷേധിച്ചു
ന്യൂ ഹാംഷെയറിലെ ഐവി ലീഗ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഡാർട്ട്മൗത്ത് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹത്തിന് ജയിംസ് ഒ ഫ്രീഡ്മാൻ പ്രസിഡൻഷ്യൽ റിസർച്ച് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, ഗുജറാത്തി ഭാഷകളിൽ ഖുഷിന് പ്രാവീണ്യമുണ്ട്. കാബിനറ്റ് സെക്രട്ടറിയും ഡെപ്യൂട്ടി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫുമായ ടെയ്ലർ ബുദോവിച്ചിന്റെ നേതൃത്വത്തിലാണ് കമ്യൂണിക്കേഷൻസിന്റ് വൈറ്റ് ഹൗസ് ഓഫിസ് പ്രവർത്തിക്കുന്നത്. വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി സ്റ്റീവൻ ച്യുങ്ങിനെയും പ്രസ് സെക്രട്ടറിയായി കരോലിൻ ലെവിറ്റിനെയും നേരത്തെ ട്രംപ് നിയമിച്ചിരുന്നു.