Latest Videos

3 മാസം മുമ്പ് ഉയർന്ന ചോദ്യം, ഒടുവിൽ യാഥാർത്ഥ്യമായി, 42 കാരൻ ബ്രിട്ടിഷ് ചരിത്രം വഴിമാറ്റിയതെങ്ങനെ? അറിയാം

By Web TeamFirst Published Oct 24, 2022, 7:10 PM IST
Highlights

2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്, ബോറിസ് ജോൺസന്റെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ച് റിഷി രാജിവച്ചതോടെയാണ് അന്ന്....

ലണ്ടൻ: കൃത്യം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ആ ചോദ്യം ലോക രാഷ്ട്രീയ ഭൂപടത്തിൽ ഉയർന്നത്. ഇന്ത്യൻ വംശജനായ 42 കാരന് മുന്നിൽ ബ്രിട്ടന്‍റെ രാഷ്ട്രീയ ചരിത്രം വഴി മാറുമോ എന്നതായിരുന്നു ആ ചോദ്യം. ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെയാണ് പാർട്ടിയിൽ റിഷി സുനക്കിന് കരുത്ത് വർധിച്ചത്. പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ബോറിസ് ജോൺസൺ പടിയിറങ്ങിയതോടെ, അടുത്ത പ്രധാനമന്ത്രി റിഷി സുനക്കാകും എന്ന നിലയിലേക്ക് ലോകം ഉറ്റുനോക്കി. ആദ്യ ഘട്ട വോട്ടെടുപ്പുകളിൽ സുനക്ക് മുന്നേറിയതോടെ ഇന്ത്യൻ വംശജൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കസേരിയിലിരിക്കും എന്ന് അദ്ദേഹത്തിന്‍റെ അനുകൂലികൾ ഉറപ്പിച്ചു. എന്നാൽ പാർട്ടിക്കുള്ളിലെ പോരിൽ അവസാന റൗണ്ടിൽ ലിസ് ട്രസ് കുതിച്ചോൾ, സുനക്കിന് കിതച്ച് തോൽവി സമ്മതിക്കേണ്ടി വന്നു. പക്ഷേ പ്രധാനമന്ത്രി കസേരയിൽ നിന്ന് ലിസ് 45 നാളുകൾക്ക് ശേഷം പടിയിറങ്ങി. ഇതോടെ ആ ചോദ്യം വീണ്ടും ഉയർന്നു. ഒടുവിൽ മൂന്ന് മാസങ്ങൾക്കിപ്പുറം റിഷി സുനക്ക് ബ്രിട്ടന്‍റെ ഭരണകേന്ദ്രം സ്വന്തമാക്കുമ്പോൾ ഇന്ത്യാക്കാർക്കും അഭിമാനിക്കാം.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരം ഉറപ്പിക്കാൻ പോരാടിയ പെന്നി മോർഡന്റിന് 100 എം പിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും പിന്തുണച്ചതോടെയാണ് ചരിത്രമെഴുതി റിഷി സുനക് അധികാര കസേരിയിലെത്തുന്നത്.

ബ്രിട്ടനെ നയിക്കാൻ ഇന്ത്യൻ വംശജൻ, റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

പഞ്ചാബിൽ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവായി അദ്ദേഹം വളരുകയായിരുന്നു. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. ബിസിനസുകാർക്കും തൊഴിലാളികൾക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികൾ വൻ ശ്രദ്ധയാകർഷിച്ചു. ബോറിസ് ജോൺസന്റെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ചാണ് റിഷി രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാർ രാജിവെച്ചതോടെ സർക്കാർ പ്രതിസന്ധിയിലാകുകയും ബോറിസ് ജോൺസണ് രാജിവെക്കേണ്ടി വരുകയും ചെയ്തു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നിരുന്നു. എന്നാൽ ഇയാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രധാനസ്ഥാനത്തേക്കു പരിഗണിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കമായത്.

ഒരു ഫാർമസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണിൽ സുനക് ജനിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെവിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. 2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോർക്ക്ഷയറിലെ റിച്ച്മണ്ടിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബ്രെക്സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു ഇദ്ദേഹം.

click me!