
'ഞങ്ങള്‍ക്ക് ഇനി എപ്പോഴെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമേ? അങ്ങനെ മടങ്ങാന്‍ കഴിഞ്ഞാല്‍ തന്നെ, അവിടെ എന്തെങ്കിലും ബാക്കിയുണ്ടാകുമോ?'-ഹുദ ചോദിക്കുന്നു.
ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ ഇസ്രായേല്‍ ലെബനനില്‍ നടത്തുന്നത് സൈനിക അധിനിവേശം. ഇറാന്റെ വലംകൈയായ ഹിസ്ബുല്ലയെ നേരിടാനെന്ന പേരില്‍, തെക്കന്‍ ലെബനന്‍ പിടിച്ചെടുത്ത് സ്വന്തം രാജ്യം വിപുലീകരിക്കാനുള്ള പദ്ധതികളാണ് ഇസ്രായേല്‍ നടത്തുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തിയത് പോലെ പ്രദേശവാസികളെ ആട്ടിയോടിച്ചും കെട്ടിടങ്ങള്‍ തകര്‍ത്തും ലെബനന്റെ പത്തിലൊന്ന് പ്രദേശം പിടിച്ചടക്കാനാണ് ഇസ്രായേല്‍ നീക്കം. ഇസ്രായേല്‍ പ്രതിരോധ മന്ത്രി തന്നെയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
പതിറ്റാണ്ടുകളായി ഹിസ്ബുള്ളയുടെ സ്വാധീനമേഖലയായ, ഷിയാ മുസ്ലിംകള്‍ കൂടുതലുള്ള തെക്കന്‍ ലെബനനാണ് ഇസ്രായേല്‍ കണ്ണുനട്ടിരിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇവിടുത്തെ ഗ്രാമങ്ങള്‍ വിജനമാണ്. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ ഇവിടെയുള്ള വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. പാലങ്ങള്‍ തകര്‍ത്തതിനാല്‍, സമീപപ്രദേശങ്ങളിലുള്ളവരും ഭീഷണിയിലാണ്. തെക്കന്‍ ലെബനനിലെ പല പട്ടണങ്ങളും ഇസ്രായേല്‍ നാമാവശേഷമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ ഇസ്രായേല്‍ കരസേന തെക്കന്‍ ലെബനന്റെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഹിസ്ബുള്ളയുമായി ഇസ്രായേല്‍ സൈന്യം ഏറ്റുമുട്ടുകയാണ്.
ഇസ്രായേലിന്റെ പദ്ധതി, ലോകരാജ്യങ്ങളുടെ നിസ്സംഗത
കരയുദ്ധം അവസാനിച്ചാല്‍, അതിര്‍ത്തി മുതല്‍ ലിതാനി നദി വരെയുള്ള തെക്കന്‍ ലെബനന്റെ വലിയ പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിയാണ് ഇസ്രായേല്‍ ഈ ആഴ്ച വെളിപ്പെടുത്തിയത്. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാ മേഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. 'വടക്കന്‍ ഇസ്രായേല്‍ നിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകളെ തിരികെ വരാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ചൊവ്വാഴ്ച പറഞ്ഞത്.
ഇസ്രായേലിന്റെ സൈനിക നടപടിയെ ലെബനന്‍ ശക്തമായി അപലപിക്കുകയും അന്താരാഷ്ട്ര സമൂഹം ഇതില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ലിതാനി നദിക്ക് തെക്കുള്ള പ്രദേശം ഇസ്രായേല്‍ പിടിച്ചടക്കാനുള്ള സാധ്യതയെക്കുറിച്ച് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം കഴിഞ്ഞ ആഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, യു എന്നിന്റെയോ അന്താരാഷ്ട്ര സമൂഹത്തിന്റെയോ ഒരിടപെടലും ഇവിടെ നടന്നിട്ടില്ല. പകരം, ലോകം നിസ്സംഗരായി നോക്കിനില്‍ക്കെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ ലെബനന്‍ പിടിച്ചടക്കാനാണ് ശ്രമിക്കുന്നത്.
ഗ്രാമങ്ങളില്‍ വ്യോമാക്രമണം, കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നു
അതിര്‍ത്തിയിലുള്ള ലെബനീസ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കുകയാണ് ഇസ്രായേല്‍. ഇത് തെക്കന്‍ ലെബനന്‍ പിടിച്ചടക്കാനുള്ള ഇസ്രായേല്‍ പദ്ധതിയുടെ ഭാഗമാണെന്നാണ് ചൊവ്വാഴ്ച ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ആവര്‍ത്തിച്ചത്. ഇറാനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിസ്ബുല്ല ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ തൊടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇസ്രായേല്‍ ആരംഭിച്ച പുതിയ യുദ്ധത്തില്‍, ലെബനനിലെ അതിര്‍ത്തി നഗരങ്ങള്‍ അതിവേഗം തകര്‍ക്കുകയാണ്.
2024-ലെ യുദ്ധത്തില്‍ തന്നെ ലെബനനിലെ പല അതിര്‍ത്തി ഗ്രാമങ്ങളും ഇസ്രായേല്‍ തകര്‍ത്തിരുന്നു. അന്ന് ആറ് ഗ്രാമങ്ങളെങ്കിലും നശിപ്പിക്കപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ തുടര്‍ന്നതിനാല്‍, ഗ്രാമവാസികള്‍ക്ക് തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പോലും കഴിഞ്ഞില്ല. താല്‍ക്കാലിക വീടുകള്‍ നിര്‍മ്മിക്കാന്‍ പോലും ഇസ്രായേല്‍ ഈ ഗ്രാമീണരെ അനുവദിച്ചില്ല.
അതിര്‍ത്തി ഗ്രാമങ്ങളെ തകര്‍ക്കുന്നത് ബോധപൂര്‍വമായ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി കാറ്റ്സ് പറഞ്ഞത്. തെക്കന്‍ ലെബനനിലെ വീടുകള്‍ തകര്‍ക്കുന്നത് ഗാസയിലെ റഫ, ബൈത്ത് ഹനൂന്‍ എന്നിവിടങ്ങളില്‍ നടത്തിയ കൈയേറ്റങ്ങളുടെ മാതൃക പിന്തുടര്‍ന്നാണെന്നും കാറ്റ്‌സ് പറഞ്ഞിരുന്നു. ഗാസയില്‍ ബുള്‍ഡോസറുകളും നിയന്ത്രിത സ്‌ഫോടനങ്ങളും ഉപയോഗിച്ച് ഇസ്രായേല്‍ അയല്‍പക്കങ്ങളെ മുഴുവനായി ഇല്ലാതാക്കുകയാണ് ചെയ്തത്.
പാലങ്ങള്‍ ബോംബിട്ടു തകര്‍ക്കുന്നു, കെണിയിലായി ഗ്രാമീണര്‍
കെട്ടിടങ്ങള്‍ മാത്രമല്ല പാലങ്ങളും വ്യാപകമായി തകര്‍ക്കപ്പെടുകയാണ് ഇവിടെ. തെക്കന്‍ ലെബനനിലേക്ക് സൈന്യത്തെ എത്തിക്കുന്നതില്‍ നിന്ന് ഹിസ്ബുള്ളയെ തടയാന്‍ എന്ന പേരിലാണ് ലിതാനി നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ സൈന്യം തകര്‍ത്തത്. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് 20 മൈല്‍ ദൂരെയുള്ള ഈ ജലപാത തെക്കന്‍ ലെബനനെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തിയാണ്.
നദിയുടെ ഭൂരിഭാഗവും മലയിടുക്കുകള്‍ക്ക് താഴെയായതിനാല്‍ പാലങ്ങള്‍ നിര്‍ണ്ണായകമാണ്. തെക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന സാധാരണക്കാര്‍ക്ക് പുറത്തുകടക്കാനും, അവിടെ തുടരുന്നവര്‍ക്ക് മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനും ഈ പാലങ്ങള്‍ അത്യവശ്യമാണ്.
വടക്കന്‍ ലെബനനെ തെക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതോടെ ഇവിടെയുള്ളവര്‍ക്ക് വഴി മുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ചെറിയ മലമ്പാതകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതുകൂടി ഇസ്രായേല്‍ തടസ്സപ്പെടുത്തിയാല്‍, തെക്കന്‍ ലെബനന്‍ പൂര്‍ണ്ണമായും ഒറ്റപ്പെടും.
പട്ടണങ്ങള്‍ വളഞ്ഞ് ഇസ്രായേല്‍ കരസൈന്യം
2024 അവസാനത്തോടെയാണ് ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടത്. എന്നാല്‍, അതിര്‍ത്തിയോട് ചേര്‍ന്ന അഞ്ച് സൈനിക ഔട്ട്പോസ്റ്റുകള്‍ കൈവശപ്പെടുത്തിയാണ് ഇസ്രായേല്‍ അന്ന് യുദ്ധം നിര്‍ത്തിയത്. ഇപ്പോള്‍ ഇസ്രായേല്‍ 5,000 കരസേനാ യൂണിറ്റുകളെയെങ്കിലും അങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം നദി വരെ നേരിട്ടെത്തുമോ അതോ ദൂരെ നിന്ന് നിയന്ത്രിക്കുമോ എന്ന കാര്യത്തിലോ, എത്ര കാലം അവിടെ തുടരുമെന്ന കാര്യത്തിലോ ഇസ്രായേല്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാല് ലെബനീസ് പട്ടണങ്ങളില്‍ ഇസ്രായേലി സൈനിക വാഹനങ്ങള്‍ നിലയുറപ്പിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്ത് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി നഗരമായ ഖിയാമില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വിവിധ ഭാഗങ്ങള്‍ നിരപ്പാക്കപ്പെട്ടതായും കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്. ടാങ്കുകളും കവചിത വാഹനങ്ങളും ഈ ചിത്രങ്ങളില്‍ കാണാം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെയ്‌സ് അല്‍-ജബല്‍ പട്ടണത്തിലും ഇസ്രായേല്‍ സൈനിക സാന്നിധ്യമുള്ളതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ആശുപത്രി സമുച്ചയത്തിന് ചുറ്റുമുള്ള വിവിധ സ്ഥാനങ്ങളില്‍ കവചിത സൈനിക വാഹനങ്ങള്‍ കാണാം.
യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ഇവിടെയുള്ള താമസക്കാര്‍ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. 'കഴിഞ്ഞ യുദ്ധല്‍ തകര്‍ന്ന വീടുകള്‍ ഈയടുത്താണ് ഞങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. ഇപ്പോള്‍ അതെല്ലാം വീണ്ടും തകര്‍ക്കപ്പെടുകയാണ്- ഖിയാമിലെ വീട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 78 കാരനായ അലി അക്കര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. 'കഴിഞ്ഞ യുദ്ധകാലത്ത് തിരിച്ചുവരാമെന്ന ചെറിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല.'-അദ്ദേഹം പറയുന്നു.
പെട്രോള്‍ പമ്പുകള്‍ ബോംബിട്ട് തകര്‍ക്കുന്നു
ഹിസ്ബുല്ല ഉപയോഗിക്കുന്നു എന്നാരോപിച്ച് വീടുകള്‍, പെട്രോള്‍ പമ്പുകള്‍, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, മറ്റ് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയാണ്. ഹിസ്ബുല്ല ബന്ധം ആരോപിച്ച് നേരത്തെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ പ്രമുഖ ഇന്ധന വിതരണക്കാരായ 'അല്‍ അമാന പെട്രോളിയം കമ്പനി'യുടെ നാല് പെട്രോള്‍ പമ്പുകള്‍ ഈ യുദ്ധത്തില്‍ ഇസ്രായേല്‍ തകര്‍ത്തു. ഈ പമ്പുകള്‍ ഹിസ്ബുള്ളയുടെ പ്രധാന സാമ്പത്തിക ഇറവിടം ആണെന്നാണ് ഇസ്രായേല്‍അവകാശപ്പെടുന്നത്. തെക്കുപടിഞ്ഞാറന്‍ ലെബനനിലെ നഖുറയ്ക്കും ടയറിനും ഇടയിലുള്ള ഒരു പെട്രോള്‍ പമ്പിന് സംഭവിച്ച നാശനഷ്ടങ്ങള്ുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി പുറത്തുവിട്ടിരുന്നു.
ഈ പെട്രോള്‍ പമ്പുകള്‍ സാധാരണക്കാരായ ലെബനന്‍ നിവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കിയതിനാല്‍, ഇറാന്‍ യുദ്ധം കാരണം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇതൊരു ആശ്വാസമായിരുന്നു.
'കഴിഞ്ഞ തവണത്തേക്കാള്‍ വലിയ നാശനഷ്ടങ്ങളും പോരാട്ടവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ യുദ്ധം ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്'-ഖിയാം നഗരത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നും കുടിയിറക്കപ്പെട്ട 28-കാരിയായ ഹുദ റജബ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇനി എപ്പോഴെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമേ? അങ്ങനെ മടങ്ങാന്‍ കഴിഞ്ഞാല്‍ തന്നെ, അവിടെ എന്തെങ്കിലും ബാക്കിയുണ്ടാകുമോ?'-ഹുദ ചോദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam