
വാഷിങ്ടൺ: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുമ്പോള്‍ ലോകം മുഴുവൻ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‍ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചതോടെ തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു അന്തർവാഹിനി.
ഇപ്പോള്‍ കാണാതായ അന്തർവാഹിനിയുടെ പൈലറ്റ് സ്റ്റോക്റ്റോണ്‍ റഷും 1912 ഏപ്രിലിൽ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയ ടൈറ്റാനിക്കും തമ്മിലുള്ള ഒരു ബന്ധം കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. സ്റ്റോക്റ്റോണ്‍ റഷിന്‍റെ ഭാര്യ വെൻഡി റഷ് ടൈറ്റാനിക്ക് അപകടത്തിൽ മരണപ്പെട്ട യുഎസ് ദമ്പതികളുടെ പിൻഗാമിയാണ്. 1912ല്‍ ടൈറ്റാനിക് മുങ്ങിയപ്പോള്‍ അതിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരായി യാത്ര ചെയ്ത ഇസിഡോർ സ്ട്രോസിന്റെയും ഭാര്യ ഐഡയുടെയും ഇന്നത്തെ തലമുറയിൽപ്പെട്ടയാളാണ് വെൻഡി.
1845ൽ ജനിച്ച സ്ട്രോസ്, മാസി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ സഹ ഉടമയായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1986ലാണ് ടൈറ്റാനിക് ടൂറിസ്റ്റ് സബ്‌മെർസിബിൾ പ്രവർത്തിപ്പിക്കുന്ന ഓഷ്യൻഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോണ്‍ റഷിനെ വെൻഡി വിവാഹം കഴിച്ചത്. ടൈറ്റാനിക്കിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയ അന്തര്‍വാഹിനിയുടെ പൈലറ്റും അദ്ദേഹമായിരുന്നു. ടൈറ്റാനിക് അപകടത്തില്‍ മരിച്ച ദമ്പതികളുടെ പിൻഗാമിയായ വെൻഡി റഷ് ഓഷ്യൻഗേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറാണ്.
കൂടാതെ കമ്പനിയുടെ ടൈറ്റാനിക്കിലേക്കുള്ള മൂന്ന് പര്യവേഷണങ്ങളിൽ വെൻഡി പങ്കെടുത്തിട്ടുണ്ടെന്നും ലിങ്ക്ഡ്ഇൻ പ്രൊഫൈലില്‍ പറയുന്നു. മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്കിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതിനാൽ ഇസിഡോർ സ്ട്രോസ് ലൈഫ് ബോട്ടിൽ കയറിയിരുന്നില്ലെന്നാണ് ആർക്കൈവൽ രേഖകളില്‍ പറയുന്നത്. ഭാര്യയായ ഐഡയും ഇസിഡോറിനൊപ്പം ചേര്‍ന്നു നിന്നു.
ടൈറ്റാനിക് മുങ്ങി ഏതാനും ആഴ്ചകൾക്കുശേഷം സ്ട്രോസിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയുടെ മൃതദേഹം കണ്ടെത്താനായില്ല. 1997ൽ ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രത്തിലും ഇസിഡോർ സ്ട്രോസിന്റെയും ഭാര്യ ഐഡയുടെയും ജീവിതം പ്രതിപാദിച്ചിരുന്നു. കപ്പല്‍ മുങ്ങുന്നതിനിടെ അവരുടെ ക്യാബിനിലേക്ക് വെള്ളം ഇരച്ചെത്തുമ്പോള്‍ കിടക്കയിൽ ആലിംഗനം ചെയ്യുന്ന ഷോട്ട് ഹൃദയം തൊടുന്ന തരത്തിലായിരുന്നു ജെയിംസ് കാമറൂണ്‍ അവതരിപ്പിച്ചത്.
'കൊടും തണുപ്പും അന്ധകാരവും'; സീറ്റുകള്‍ പോലുമില്ലാത്ത ടൈറ്റനിലെ ഉള്‍ക്കാഴ്ചകള്‍ ഇങ്ങനെയാണ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...