
വാഷിംഗ്ടൺ ഡി സി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തെക്കുറിച്ച് ഉപദേശകരോട് സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന ട്രംപ് നല്കിയതായി ഉപേദേശകർ. ആദ്യം ചൈനയിലേക്കായിരിക്കും സന്ദര്‍ശനമെന്നും സൂചന. ബെയ്ജിംഗുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അധികാരമേറ്റ ശേഷം ആദ്യം ചൈന സന്ദര്‍ശനമാകും നടത്തുകയെന്നും ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് ഉപദേശകരുമായി സംസാരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ പ്രഥമ വനിത മെലാനിയയ്ക്കും മകൻ ബാരോണിനുമൊപ്പം പ്രത്യേക വിമാനത്തിൽ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനയ്‌ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ ഷി ജിൻപിങ്ങുമായുള്ള ബന്ധത്തിലെ വിടവ് നികത്താനാണ് ട്രംപിന്റെ ആദ്യ സന്ദര്‍ശനം ചൈനയിലേക്ക് ആക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. തിങ്കളാഴ്ച്ച നടക്കുന്ന ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡൻ്റിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന് പകരം ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ പ്രതികൂല കാലാവസ്ഥ മൂലം ,1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ചടങ്ങുകള്‍ മാറ്റിയതായി അറിയിച്ചു. അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കുകയാണ്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും.
അതിനിടെ, സ്ഥാനാരോഹണത്തിന് മുൻപ് വാഷിംഗ്ടണിൽ റാലി നടത്തിയിരിക്കുകയാണ് ട്രംപ്. താൻ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേൽ- ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ട്രംപ് പറഞ്ഞു. ഇന്ന് അധികാരമേറ്റെടുത്തു കഴിഞ്ഞാൽ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ് അഗ്നി ബാധ പ്രദേശങ്ങൾ സന്ദർശിക്കും. ബൈഡൻ സർക്കാരിന്റെ നിരവധി നിയമങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴി പിൻവലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കും.
'ട്രംപിന് നന്ദി'; യുഎസിൽ ടിക് ടോക് തിരിച്ചെത്തുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam