ചൈനയില്‍ നിന്നുള്ള മാസ്കിന് നിലവാരമില്ല; 80ലക്ഷം മാസ്കുകളുടെ പണം നല്‍കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

By Web TeamFirst Published May 12, 2020, 12:50 PM IST
Highlights

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്തിച്ച മാസ്കുകളാണ് നിലവാരമില്ലാത്തവയെന്ന് കണ്ടെത്തിയത്. മുന്‍നിരയില്‍ നിന്ന് മഹാമാരിക്കെതിരെ പോരാടുന്നവര്‍ക്ക് നിലവാരമില്ലാത്ത ഉപകരണങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ 

ടൊറൊന്‍റോ: ചൈനയില്‍ നിന്നുള്ള നിലവാരമില്ലാത്ത മാസ്കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്കുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍ 95 മാസ്കുകളാണ് കാനഡ ചൈനയില്‍ നിന്ന് എത്തിച്ചത്. എന്നാല്‍ ഇവയില്‍ പത്ത് ലക്ഷം മാസ്കുകള്‍ മാത്രമാണ് നിലവാരമുള്ളതായി കണ്ടെത്തിയത്.

1.6 മില്യണ്‍ മാസ്കുകളുടെ നിലവാര പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ ട്രൂഡോ വിശദമാക്കി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്തിച്ച മാസ്കുകളാണ് നിലവാരമില്ലാത്തവയെന്ന് കണ്ടെത്തിയത്. മുന്‍നിരയില്‍ നിന്ന് മഹാമാരിക്കെതിരെ പോരാടുന്നവര്‍ക്ക് നിലവാരമില്ലാത്ത ഉപകരണങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. തായ്വാനില്‍ നിന്നെത്തിച്ച 500000 മാസ്കുകള്‍ക്ക് ജസ്റ്റിന്‍ ട്രൂഡോ നന്ദി രേഖപ്പെടുത്തി. 

ലോകാരോഗ്യ സംഘടനയില്‍ നിരീക്ഷക പദവിയിലേക്ക് തായ്വാനെ ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. മോന്‍റ്റിയല്‍ അടിസ്ഥാനമാക്കിയുള്ള സ്ഥാപനമാണ് തകരാറിലായ മാസ്കുകള്‍ ചൈനയില്‍ നിന്നെത്തിച്ചത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ട്രൂഡോ വ്യക്തമാക്കി. ഇത് ആദ്യമായല്ല ചൈനയില്‍ നിന്നുള്ള മാസ്ക് നിലവാരമില്ലാത്തതാണെന്ന് കാനഡ കണ്ടെത്തുന്നത്. കഴിഞ്ഞ മാസം ആദ്യവാരത്തിലാണ് ടൊറൊന്റോയില്‍ 62000 മാസ്കുകള്‍ നിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചത്. 

click me!