
ടൊറന്‍റൊ: ഉറങ്ങുമ്പോള്‍ വിമാനത്തിനുള്ളിലെ ഒരു കൂട്ടം ആളുകള്‍ക്കിടയിലായിരുന്നു ടിഫാനി ആദം. എന്നാല്‍ കണ്ണ് തുറന്നപ്പോള്‍ ടിഫാനിക്ക് ചുറ്റും ആരും ഉണ്ടായിരുന്നില്ല. വിമാനത്തിനുള്ളിലെ കൂരിരുട്ടില്‍ ടിഫാനി ഒറ്റക്കായിരുന്നു.
കാനഡ സ്വദേശിയായ ടിഫാനി ആദം എയര്‍ കാനഡ വിമാനത്തില്‍ കയറിയത് ഈ മാസം ആദ്യമാണ്. ക്യുബെകില്‍ നിന്ന് ടൊറന്‍റോ പിയേഴ്സണ്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു അവര്‍. വിമാനം പറന്നുയര്‍ന്നതോടെ ടിഫാനി ഉറങ്ങിപ്പോയി. എന്നാല്‍ കണ്ണ് തുറന്നപ്പോഴാണ് താന്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ ഒറ്റക്കാണെന്ന് ടിഫാനി തിരിച്ചറിയുന്നത്. ചുറ്റും കൂരിരുട്ടായിരുന്നു.
എയര്‍ കാനഡയുടെ ഫേസ്ബുക്ക് പേജില്‍ ടിഫാനിയുടെ സുഹൃത്താണ് ടിഫാനി നേരിട്ട അനുഭവം പോസ്റ്റ് ചെയ്തത്. ആദ്യം ഏതോ ദുസ്വപ്നം കാണുകയാണെന്നാണ് താന്‍ കരുതിയതെന്ന് ടിഫാനി പറയുന്നു. പെട്ടന്നുണ്ടായ ഷോക്കില്‍ അപകടമുണ്ടാകാതിരിക്കാന്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നീട് ഓരോ ചാര്‍ജര്‍ പോര്‍ട്ടും കണ്ട് പിടിച്ച് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമം നടത്തി. എന്നാല്‍ അതെല്ലാം വിഫലമായിരുന്നു. വിമാനത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നുവെന്നും ടിഫാനി ഓര്‍ത്തെടുത്തു.
പിന്നീട് ഒരുവിധം തപ്പിത്തടഞ്ഞ് കോക്‍പിറ്റിലെത്തി ടോര്‍ച്ച് സംഘടിപ്പിച്ചു. ഏറെ കഷ്ടപ്പെട്ട് ഒരു വാതില്‍ തള്ളി തുറന്നു. എന്നാല്‍ 50 അടിയോളം ഉയരത്തിലായിരുന്നു താന്‍ ഉണ്ടായിരുന്നത്. ഇതോടെ ടോര്‍ച്ച് ഉപയോഗിച്ച് വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാനായി ശ്രമം. ഒടുവില്‍ തന്‍റെ ടോര്‍ച്ചിന്‍റെ വെളിച്ചം ശ്രദ്ധയില്‍പ്പെട്ട ഒരു ജീവനക്കാരന്‍ ഓടിയെത്തി.
തന്നെ കണ്ട അദ്ദേഹം ശരിക്കും അത്ഭുതപ്പെട്ടു. പിന്നെ അയാളുടെ സഹായത്തോടെ വിമാനത്തിന്‍റെ വാതിലില്‍ തൂങ്ങിയും മറ്റും അതിസാഹസികമായി പുറത്തിറങ്ങി. എങ്ങനെ വിമാനത്തിലെ ജീവനക്കാര്‍ തന്നെ അവിടെ ഉപേക്ഷിച്ചുവെന്ന അത്ഭുതത്തിലായിരുന്നു അപ്പോഴും അദ്ദേഹം. സംഭവത്തില്‍ എയര്‍ കാനഡ മാപ്പ് പറഞ്ഞു. എന്നാല്‍ ഇപ്പോഴും ആ രാത്രിയുടെ ഓര്‍മ്മയില്‍ താന്‍ ഞെട്ടി ഉണരാറുണ്ടെന്നും ടിഫാനി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam