കൊവിഡ് വ്യാപനത്തില്‍ വുഹാന്‍ മാര്‍ക്കറ്റിന് പങ്കുണ്ടാകാം, കൂടുതല്‍ അന്വേഷണം വേണം: ലോക ആരോഗ്യ സംഘടന

By Web TeamFirst Published May 8, 2020, 10:50 PM IST
Highlights

അതേസമയം, വൈറസിന് വുഹാനിലെ വൈറോളജി ലാബുമായി ബന്ധമുള്ളതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

ജനീവ: കൊവിഡ് വ്യാപനത്തിന് വുഹാനിലെ മൊത്തവ്യാപാര മാര്‍ക്കറ്റിന് പങ്കുണ്ടെന്ന് ലോക ആരോഗ്യ സംഘടന. എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന് ശേഷം ജനുവരിയിലാണ് ചൈന വുഹാന്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടുകയും വന്യമൃഗ കശാപ്പ് നിരോധിച്ചതും. 'രോഗവ്യാപനത്തിന് വുഹാന്‍ മാര്‍ക്കറ്റിന് പങ്കുണ്ടെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ എത്തരത്തിലുള്ള പങ്കെന്നത് ഇനിയും വ്യക്തമായിട്ടില്ല. വൈറസ് ഉറവിടമാണോ അതോ ചില കേസുകള്‍ മാര്‍ക്കറ്റിലും കണ്ടെത്തിയതാണോ എന്നതും വ്യക്തമല്ല'- ലോകാരോഗ്യ സംഘടനയിലെ വിദഗ്ധന്‍ ഡോ. പീറ്റര്‍ ബെന്‍ എംബാരെക് പറഞ്ഞു. മൃഗങ്ങളില്‍ നിന്നാണോ അതോ മനുഷ്യരില്‍ നിന്നാണോ വൈറസ് മാര്‍ക്കറ്റില്‍ വ്യാപിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, വൈറസിന് വുഹാനിലെ വൈറോളജി ലാബുമായി ബന്ധമുള്ളതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസ് വ്യാപനത്തില്‍ ചൈനക്ക് പങ്കുണ്ടെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരോപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. നേരത്തെ, വൈറസ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചൈനക്കെതിരെ പലവട്ടം രംഗത്തെത്തി.

click me!