
ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ (Xi Jinping) സെറിബ്രൽ അന്യൂറിസം (Cerebral Aneurysm) എന്ന രോഗം ബാധിച്ച് 2021 അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തക്കുഴലുകളെ മൃദുവാകുകയും ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ് സെറിബ്രൽ അന്യൂറിസം. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് പകരം പരമ്പരാഗത ചൈനീസ് ചികിത്സയാണ് ഷി ജിൻപിങ് തേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഷി ജിൻപിങ് അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ബീജിങ് വിന്റർ ഒളിമ്പിക്‌സിനോടുബന്ധിച്ചാണ് ഷി ജിൻപിങ് വിദേശ നേതാക്കളെ കണ്ടത്. ഷിയുടെ ആരോഗ്യത്തെക്കുറിച്ച് അടുത്തിടെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. 2019 മാർച്ചിൽ, ഇറ്റാലിയൻ സന്ദർശനത്തിനിടെയും ഷിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
2020 ഒക്ടോബറിൽ ഷെൻഷെനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുണ്ടായ താമസം, പതുക്കെയുള്ള സംസാരം, ചുമ എന്നിവയും അദ്ദേഹത്തിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിലെ രോഗാവസ്ഥയെക്കുറിച്ചും വിവരമില്ല.
ചൈനീസ് പ്രസിഡന്റ് മൂന്നാം ഊഴം ലക്ഷ്യമിട്ട് നീങ്ങുമ്പോഴാണ് രോഗവിവരം പുറത്തുവരുന്നത്. വികസന നയത്തിൽ മാറ്റം വരുത്തി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് ചൈന. വൻ കമ്പനികൾക്ക് പിഴ ചുമത്തുന്നത് താൽക്കാലികമായി നിർത്തി, പൊതു വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് സുസ്ഥിര വികസനം നേടാനാണ് ചൈന ശ്രമിക്കുന്നത്. വരാനിരിക്കുന്ന 20-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയം മാറ്റം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam