ഹിറ്റ്‌ലറെക്കുറിച്ചുള്ള വീഡിയോകള്‍ അപ്‌ ലോഡ്‌ ചെയ്‌തു; അധ്യാപകര്‍ക്ക്‌ യൂട്യൂബില്‍ വിലക്ക്‌

By Web TeamFirst Published Jun 7, 2019, 12:24 PM IST
Highlights

വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ്‌ രണ്ട്‌ ചരിത്രാധ്യാപകര്‍ക്കെതിരായ നടപടി.

ലണ്ടന്‍: അഡോള്‍ഫ്‌ ഹിറ്റ്‌ലറെക്കുറിച്ചുള്ള വീഡിയോ അപ്‌ ലോഡ്‌ ചെയ്‌ത അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക്‌ യുട്യൂബ്‌ വിലക്കേര്‍പ്പെടുത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ്‌ രണ്ട്‌ ചരിത്രാധ്യാപകര്‍ക്കെതിരായ നടപടി.

വിദ്വേഷപ്രചരണം തടയുന്നതിന്റെ ഭാഗമായി, നാസികളെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്ന്‌ യുട്യൂബ്‌ ബുധനാഴ്‌ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ വിദ്യാഭ്യാസ ആവശ്യത്തിനായി അപ്‌ലോഡ്‌ ചെയ്‌ത വീഡിയോകളും നീക്കം ചെയ്‌തതും അക്കൗണ്ടുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയതും. റൊമാനിയയിലെ സ്‌കൂള്‍ അധ്യാപകനും 'മിസ്റ്റര്‍ ആള്‍സോപ്‌ ഹിസ്റ്ററി' എന്ന റിവിഷന്‍ വെബ്‌സൈറ്റ്‌ ഉടമയുമായ സ്‌കോട്ട്‌ ആള്‍സോപ്‌, അധ്യാപകനായ റിച്ചാര്‍ഡ്‌ ജോണ്‍സ്‌ എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ്‌ യുട്യൂബ്‌ വിലക്കേര്‍പ്പെടുത്തിയത്‌.

ഫാസിസത്തിന്റെ ദോഷഫലങ്ങള്‍ വിവരിക്കുന്ന വീഡിയോ പോലും യുട്യൂബില്‍ നിന്ന്‌ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്‌. നൂറുകണക്കിന്‌ ചരിത്രവീഡിയോകള്‍ ഉള്‍പ്പെട്ടതായിരുന്നു ആള്‍സോപിന്റെ യുട്യൂബ്‌ ചാനല്‍. അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ചാനല്‍ വീണ്ടെടുക്കാനായിട്ടുണ്ട്‌. വിദ്വേഷപ്രചാരണം തടയുന്നതിനുള്ള യുട്യൂബിന്റെ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നെന്നും  അതിന്റെ പേരില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വീഡിയോ പോലും നീക്കം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആള്‍സോപ്‌ അഭിപ്രായപ്പെട്ടു.

നാസിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ചതിനാണ്‌ റിച്ചാര്‍ഡ്‌ എന്ന അധ്യാപകനെതിരെ യുട്യൂബ്‌ നടപടിയെടുത്തത്‌. 25 വര്‍ഷമായി ബ്രിട്ടനിലെ ചരിത്രപഠനത്തില്‍ ഹിറ്റ്‌ലര്‍ക്ക്‌ സവിശേഷ പ്രാധാന്യം നല്‌കുന്നുണ്ട്. ലോകമഹായുദ്ധം സംബന്ധിച്ച ചരിത്രങ്ങള്‍ക്ക്‌ എത്രത്തോളം വ്യാപ്‌തി ഉണ്ടെന്നതും യുട്യൂബ്‌ പരിഗണിച്ചിട്ടില്ലെന്നും റിച്ചാര്‍ഡ്‌ പ്രതികരിച്ചു. നടപടിക്കെതിരെ അപ്പീല്‍ നല്‍കാനാണ്‌ റിച്ചാര്‍ഡിന്റെ തീരുമാനം.

click me!