സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

By Web TeamFirst Published Sep 6, 2019, 11:34 AM IST
Highlights

മൂന്ന് പതിറ്റാണ്ടോളം സിംബാബ്‌വെയുടെ ഭരണത്തലവനായിരുന്ന മുഗാബെക്ക് 2017 ലെ പട്ടാള അട്ടിമറിയിലാണ് ഭരണം നഷ്‌ടമായത്

ഹരാരെ: സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സിങ്കപ്പൂരിൽ ചികിത്സയിലിരിക്കെയാണ് മരണം. 95 വയസായിരുന്നു.

മൂന്ന് പതിറ്റാണ്ടോളം സിംബാബ്‌വെയുടെ ഭരണത്തലവനായിരുന്ന മുഗാബെക്ക് 2017 ലെ പട്ടാള അട്ടിമറിയിലാണ് ഭരണം നഷ്‌ടമായത്. 

സിംബാബ്‌വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1921 ഫെബ്രുവരി 24നാണ് ജനിച്ചത്.  1980 ൽ തെരഞ്ഞെടുപ്പിലൂടെ സിംബാ‌ബ്‌വെയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1987 ൽ രാജ്യത്തിന്റെ പ്രസിഡന്റായി. പിന്നീട് 2017 വരെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു.

രാജ്യത്തെ കറുത്ത വർഗ്ഗക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളിലായിരുന്നു മുഗാബെ ആദ്യകാലത്ത് ശ്രദ്ധ നൽകിയിരുന്നത്. എന്നാൽ വെള്ളക്കാരുടെ പക്കൽ നിന്നും ഭൂമി തിരിച്ചുപിടിച്ച് കറുത്തവർഗ്ഗക്കാർക്ക് നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് കൂടി വഴിവച്ചു.

മുൻപ് റോദേഷ്യ എന്നറിയപ്പെട്ട സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അന്നത്തെ സർക്കാരിനെ വിമർശിച്ചതിന് 1964 ൽ പത്ത് വർഷത്തോളം ജയിലിലടക്കപ്പെട്ടു. 1973 ൽ തടവിലിരിക്കെ അദ്ദേഹം സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

click me!