
ന്യൂയോർക്ക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ച് ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ ആദ്യ പ്രസംഗം. തന്റെ വിജയം ഒരു രാഷ്ട്രീയവംശത്തെ അട്ടിമറിച്ചുവെന്നും തന്റെ വിജയത്തോടെ നഗരം പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവച്ചുവെന്നും മംദാനി പറഞ്ഞു. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ, മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ചരിത്രം രചിച്ചത്.
സുഹൃത്തുക്കളേ, നമ്മൾ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചു. ആൻഡ്രൂ ക്യൂമോയ്ക്ക് സ്വകാര്യ ജീവിതത്തിൽ ഏറ്റവും മികച്ചത് മാത്രമേ ഉണ്ടാകൂ എന്ന് ഞാൻ ആശംസിക്കുന്നു. അസാധ്യമായത് സാധ്യമാക്കാൻ കഴിയുമെന്ന് ന്യൂയോർക്കുകാർ സ്വയം പ്രത്യാശിച്ചതിനാലാണ് ഞങ്ങൾ വിജയിച്ചത്. നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു.
ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ ഒരു നിമിഷം വരൂ, പഴയതിൽ നിന്ന് പുതിയതിലേക്ക് നമ്മൾ കാലെടുത്തുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ. ഇന്ന് രാത്രി, നമ്മൾ പഴമയിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം.