
ന്യൂയോർക്ക് : നഴ്‌സുമാരുടെ ക്ഷാമവും ജോലിഭാരവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ന്യൂയോർക്കിൽ നഴ്സുമാർ സമരത്തിൽ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലുള്ള പതിനയ്യായിരത്തോളം നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു.മലയാളികളടക്കം ഇന്ത്യക്കാരായ നഴ്സുമാരും സമരത്തിന്റെ ഭാഗമാണ്. മൗണ്ട് സിനായ്, മോണ്ടിഫിയോർ മെഡിക്കൽ സെന്റർ, ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ തുടങ്ങി നഗരത്തിലെ പ്രധാന ആശുപത്രികളെയെല്ലാം സമരം സാരമായി ബാധിച്ചിട്ടുണ്ട്.
പടർന്നുപിടിക്കുന്ന ഫ്ലൂ സീസണിനിടയിൽ നടക്കുന്ന സമരം നേരിടാൻ ആശുപത്രികൾ താൽക്കാലിക നഴ്‌സുമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സമരത്തിനിടയിലും ചികിത്സ തേടുന്നതിൽ നിന്ന് രോഗികൾ വിട്ടുനിൽക്കരുതെന്ന് ആശുപത്രി അധികൃതരും നഴ്‌സിംഗ് യൂണിയനും അഭ്യർത്ഥിച്ചു.
സുരക്ഷിതമായ തൊഴിൽ സാഹചര്യവും അമിത ജോലിഭാരം കുറയ്ക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നതുമാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. 2023-ൽ നടന്ന സമാനമായ സമരത്തിന് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ പുരോഗതിയുണ്ടായെന്നും യൂണിയന്റെ ആവശ്യങ്ങൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. എന്നാൽ വൻകിട ആശുപത്രികൾ നഴ്‌സുമാരുടെ ആരോഗ്യകരമായ തൊഴിൽ സാഹചര്യത്തിന് മുൻഗണന നൽകുന്നില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി.
നഴ്സുമാരുടെ സമരത്തിന് രാഷ്ട്രീയ പിന്തുണയും വർദ്ധിച്ചുവരികയാണ്. തിങ്കളാഴ്ച ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്‌റാൻ മംദാനി ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ ആശുപത്രിക്ക് മുന്നിലെ സമരപ്പന്തൽ സന്ദർശിച്ച് നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്തസ്സും മാന്യമായ വേതനവും അർഹിക്കുന്ന പരിഗണനയും ആവശ്യപ്പെട്ടാണ് നഴ്‌സുമാർ പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് നഴ്‌സിംഗ് യൂണിയന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam