ആവേശപ്പോരില്‍ കൊല്‍ക്കത്തയെ വീഴ്‌ത്തി മുംബൈ ഒന്നാമന്‍മാര്‍

Published : May 13, 2017, 06:49 PM ISTUpdated : Oct 04, 2018, 11:39 PM IST
ആവേശപ്പോരില്‍ കൊല്‍ക്കത്തയെ വീഴ്‌ത്തി മുംബൈ ഒന്നാമന്‍മാര്‍

Synopsis

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ 9 റണ്‍സിന് മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ് 20 പോയന്റുമായി പ്ലേ ഓഫില്‍ ഒന്നാമന്‍മാരായി. ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനക്കാരാകുമായിരുന്ന കൊല്‍ക്കത്ത തോല്‍വിയോടെ മൂന്നാമതായി. മുംബൈ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുഘട്ടത്തില്‍ ജയമുറപ്പിച്ചതാണെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ബാറ്റ്സ്മാന്‍മാരില്ലാതെപ്പോയി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 173/5, കൊല്‍ക്കത്ത 20 ഓവറില്‍ 164/8.

അമിതാവേശമാണ് കൊല്‍ക്കത്തയെ ഹോം ഗ്രൗണ്ടില്‍ വീഴ്‌ത്തിയത്. ആറ് മാറ്റങ്ങളുമായി ഇറങ്ങിയ മുംബൈ നിരയില്‍ നിന്ന് വലിയ ഭീഷണിയൊന്നുമില്ലാതെ അനായാസം കൈക്കലാക്കാമായിരുന്ന മത്സരം ബാറ്റ്സ്മാന്‍മാരുടെ അമിതാവേശത്തില്‍ കളഞ്ഞു കുളിച്ചു. ആദ്യ ഓവറിലല്‍ തന്നെ സുനില്‍ നരെയ്നെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ക്രിസ് ലിന്നും ചേര്‍ന്ന് വെടിക്കെട്ട് തുടങ്ങി. എന്നാല്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ ഗംഭീറും(21) ലിന്നും(26), ഉത്തപ്പയും(2), യൂസഫ് പത്താനും(20) വീണതോടെ കൊല്‍ക്കത്ത തോല്‍വി മണത്തു. മനീഷ് പാണ്ഡെയും ഗ്രാന്‍ദോമും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് വീണ്ടും വിജയപ്രതീക്ഷ നല്‍കി. ഗ്രാന്‍ദോമിനെ(29) വീഴ്‌ത്തി ഹര്‍ദ്ദീക് പാണ്ഡ്യയാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്. 33 പന്തില്‍ 33 റണ്‍സ് മാത്രമെടുത്ത മനീഷ് പാണ്ഡെയും റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായി. കുല്‍ദീപ് യാദവ്(16) പൊരുതിയെങ്കിലും അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

നേരത്തെ ഏറെക്കാലത്തിനുശേഷം മുംബൈ ടീമില്‍ തിരിച്ചെത്തിയ അംബാട്ടി റായിഡുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 37 പന്തില്‍ 63 റണ്‍സെടുത്ത റായിഡുവും 43 പന്തില്‍ 52 റണ്‍സെടുത്ത സൗരഭ് തിവാരിയുമാണ് മുംബൈയുടെ പ്രധാന സ്കോറര്‍മാര്‍. രോഹിത് ശര്‍മ 27 റണ്‍സെടുത്തു. അംബാട്ടി റായിഡുവാണ് കളിയിലെ കേമന്‍.

മുംബൈയ്ക്കെതിരായ തോല്‍വിയോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 17 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. 16 പോയന്റുള്ള കൊല്‍ക്കത്ത ഇപ്പോള്‍ മൂന്നാമതാണ്. ഇന്ന് നടക്കുന്ന പഞ്ചാബ്-പൂനെ മത്സര വിജയികളായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം. പൂനെ ജയിച്ചാല്‍ പൂനെയും മുംബൈയും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും. പൂനെ തോറ്റാല്‍ പൂനെയ്ക്കാള്‍ മികച്ച റണ്‍നിരക്കുള്ള പഞ്ചാബ് നാലാമന്‍മാരായി പ്ലേ ഓഫിലെത്തും. അങ്ങനെവന്നാല്‍ പഞ്ചാബും കൊക്കത്തയുമാവും രണ്ടാം ക്വാളി ഫയറില്‍ ഏറ്റുമുട്ടുക. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിലെ വിജയകളുമായി ഒരുമത്സരം കൂടി കളിക്കാന്‍ അവസരം ലഭിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!