
കൊൽക്കത്ത: ഐപിഎൽ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്ക്കും ആന്ദ്രേ റസലിനും അടിതെറ്റിയെങ്കിലും ആരാധകര്‍ നിരാശരാകേണ്ടതില്ല. ഏത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയേകാവുന്ന താരമായി മാറിക്കഴിഞ്ഞ റസല്‍ സിക്സറുകളുടെ കാര്യത്തില്‍ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണെന്ന് ഓര്‍ത്ത് സന്തോഷിക്കാം.
സീസണില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവയ്ക്കുന്ന റസല്‍ 39 തവണയാണ് അതിര്‍ത്തിക്ക് മുകളിലൂടെ പന്ത് പറത്തിയത്. 23 ഫോറും റസലാട്ടത്തില്‍ പിറന്നു. ആകെ മൊത്തം 62 തവണയാണ് റസലിന്‍റെ പ്രഹരമേറ്റ് പന്ത് അതിര്‍ത്തി കടന്നത്. ഇക്കാര്യത്തിലെല്ലാം സ്വന്തം നാട്ടുകാരനായ വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയിലിനെയാണ് റസല്‍ പിന്നിലാക്കിയത്. 26 സിക്സറുകള്‍ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള സാക്ഷാല്‍ ഗെയിലിന് പോലും നേടാനായത്.
കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം റസലിന്‍റെ മിന്നും പ്രകടനത്തില്‍ കൊല്‍ക്കത്ത മറികടക്കുമെന്ന് തോന്നിച്ചെങ്കിലും മോയിന്‍ അലി രക്ഷകനാകുകയായിരുന്നു. തോല്‍വിയിലും 25 പന്തില്‍ 9 സിക്സും രണ്ട് ഫോറും സഹിതം 65 റണ്‍സ് അടിച്ചെടുത്ത റസല്‍ മാസ്മരികത ആരാധകരുടെ മനസില്‍ ഏറെക്കാലം ശോഭിക്കും. സീസണിൽ ഒരു മൽസരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന കാര്യത്തിലെ രണ്ടാം സ്ഥാനവും റസല്‍ ഇതിനിടെ സ്വന്തമാക്കിയിരുന്നു. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 10 സിക്സ് നേടിയ വിന്‍ഡീസ് താരമായ കീറൺ പൊള്ളാർഡാണ് ഒന്നാമത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!