'ഒരുനിമിഷം ബ്രോഡിന്‍റെ വിധി ഓര്‍ത്തുപോയി'; ചാഹലിന്‍റെ വെളിപ്പെടുത്തല്‍

By Web TeamFirst Published Mar 29, 2019, 12:43 PM IST
Highlights

യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിനാലാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സറിന് പറത്തി ഒരിക്കല്‍ കൂടി യുവി പ്രതാപകാലത്തെ അനുസ്മരിപ്പിച്ചപ്പോള്‍ ആരാധകമനസില്‍ ഒരിക്കല്‍ കൂടി ആറ് പന്തില്‍ ആറ് സിസ്കറെന്ന സ്വപ്നമുദിച്ചു

ബംഗലൂരു: ട്വന്റി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സറടിച്ച യുവരാജ് മാജിക്ക് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെയും ഒരു നിമിഷം യുവി പഴയനേട്ടം ആവര്‍ത്തിക്കുമോ എന്ന് തോന്നിച്ചു. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിനാലാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സറിന് പറത്തി ഒരിക്കല്‍ കൂടി യുവി പ്രതാപകാലത്തെ അനുസ്മരിപ്പിച്ചപ്പോള്‍ ആരാധകമനസില്‍ ഒരിക്കല്‍ കൂടി ആറ് പന്തില്‍ ആറ് സിസ്കറെന്ന സ്വപ്നമുദിച്ചു.

എന്നാല്‍ നാലാം സിക്സറിനായുള്ള യുവിയുടെ ശ്രമം ലോംഗ് ഓഫ് ബൗണ്ടറിയില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ചില്‍ അവസാനിച്ചു. ആദ്യം പന്തിന്റെ ഗതി മനസിലാവാതെ മുന്നോട്ടാഞ്ഞ സിറാജ് വായുവിലേക്ക് ഉയര്‍ന്നുചാടി പന്ത് കൈകക്കലാക്കിയപ്പോള്‍ മുംബൈ മാത്രമല്ല, ചിന്നസ്വാമിയിലെ ആരാധകവൃന്ദവും നിരാശയോടെ തലയില്‍ കൈവച്ചു.

ഇപ്പോള്‍ യുവിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞ ചാഹല്‍ ആ സമയത്തെ തന്‍റെ അവസ്ഥയേക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്‍റെ ആദ്യ മൂന്ന് ബോളും യുവി സിക്സര്‍ അടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ അന്നത്തെ അവസ്ഥ തന്നെയാണ് തോന്നിയത്. അദ്ദേഹമൊരു ഇതിഹാസ ബാറ്റ്സ്മാനാണെന്ന് നിങ്ങള്‍ക്ക് അറിയാമെല്ലോ.

എന്നാല്‍, പെട്ടെന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്തു. യുവി സിക്സറുകള്‍ നേടുമ്പോള്‍ തനിക്ക് സാധിക്കാവുന്ന മികച്ച പന്തുകളെ കുറിച്ച് ചിന്തിച്ചു. തുടര്‍ന്ന് ഒരു അല്‍പം വെെഡ് ആയി ഒരു ഗൂഗ്ലി പരീക്ഷിക്കുകയായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു. ഒട്ടും ടേണ്‍ ലഭിക്കാത്ത അവസ്ഥയായിരുന്നു. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു. 

click me!