തകര്‍ത്തടിച്ച് ധോണിയും റെയ്നയും; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് 180 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published May 1, 2019, 9:50 PM IST
Highlights

41 പന്തില്‍ 39 റണ്‍സെടുത്ത ഡൂപ്ലെസിയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കിയശേഷം ക്രീസിലെത്തി ധോണി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 37 പന്തില്‍ 59  റണ്‍സെടുത്ത് റെയ്ന പുറത്തായശേഷം ജഡേജയുടെ വെടിക്കെട്ട് ഇന്നിംഗ്സും(10 പന്തില്‍ 25)ചെന്നൈ ടോട്ടലില്‍ നിര്‍ണായകമായി.

ചെന്നൈ: ഐപിഎല്ലില്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ  ഡല്‍ഹി ക്യാപിറ്റല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്നയുടെ അര്‍ധസെഞ്ചുറിയുടെയും ധോണിയുടെയും ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. അവസാന മൂന്നോവറില്‍ 53 റണ്‍സടിച്ച ജഡേജയും ധോണിയും ചേര്‍ന്നാണ് ചെന്നൈയെ 179ല്‍ എത്തിച്ചത്.

നാലാം ഓവറില്‍ ഷെയ്ന്‍ വാട്സണെ(0) നഷ്ടമായ ചെന്നൈ കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫാഫ് ഡൂപ്ലെസിയും സുരേഷ് റെയ്നയും ചേര്‍ന്ന് ചെന്നൈക്ക് മികച്ച അടിത്തറയിട്ടു. 41 പന്തില്‍ 39 റണ്‍സെടുത്ത ഡൂപ്ലെസിയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കിയശേഷം ക്രീസിലെത്തി ധോണി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 37 പന്തില്‍ 59  റണ്‍സെടുത്ത് റെയ്ന പുറത്തായശേഷം ജഡേജയുടെ വെടിക്കെട്ട് ഇന്നിംഗ്സും(10 പന്തില്‍ 25)ചെന്നൈ ടോട്ടലില്‍ നിര്‍ണായകമായി.

22 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറും സഹിതം 44 റണ്‍സുമായി ധോണിയും രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത അംബാട്ടി റായുഡുവും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി സുചിത്ത് രണ്ടും ക്രിസ് മോറിസ് അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

click me!