ഐപിഎല്ലിൽ സൂപ്പർ പോരാട്ടം; ധോണിയുടെ ചെന്നൈയും രോഹിതിന്‍റെ മുംബൈയും ഏറ്റുമുട്ടും

By Web TeamFirst Published Apr 26, 2019, 10:09 AM IST
Highlights

വാട്സൺ, റെയ്ന, ഡുപ്ലെസി, താഹിർ, ഹ‍ർഭജൻ, ബ്രാവോ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങൾ ചെന്നൈയുടെ വിജയശിൽപികളാവുന്നു

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. മുംബൈ ഇന്ത്യൻസ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം.

ഐപിഎല്ലിൽ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പ‍ർ കിംഗ്സ് ഇറങ്ങുന്നത്. പതിനൊന്നിൽ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു. പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് രോഹിതിന്‍റെ മുംബൈ ഇന്ത്യൻസിന്‍റെ ലക്ഷ്യം.

മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തിലേറ്റ 37 റൺസ് തോൽവിക്ക് പകരം വീട്ടാന്‍ കൂടിയാണ് ധോണിയും സംഘവും കളത്തിലെത്തുന്നത്. വാട്സൺ, റെയ്ന, ഡുപ്ലെസി, താഹിർ, ഹ‍ർഭജൻ, ബ്രാവോ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങൾ ചെന്നൈയുടെ വിജയശിൽപികളാവുന്നു.

ക്വിന്‍റൺ ഡി കോക്ക് ഒഴികെയുള്ളവർ സ്ഥിരത പുലർത്താത്തതാണ് മുംബൈയുടെ ആശങ്ക. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, പാണ്ഡ്യ സഹോദരൻമാർ എന്നിവരുടെ പ്രകടനവും നിർണായകമാവും. ബൗളിംഗ് ബലാബലത്തിൽ മലിംഗയും ബുംറയുമുള്ള മുംബൈയ്ക്കാണ് ആധിപത്യം. ഐപിഎല്ലിൽ ഇരുടീമും ഏറ്റുമുട്ടിയത് 27 കളിയിൽ. മുംബൈ പതിനഞ്ചിലും ചെന്നൈ പന്ത്രണ്ടിലും ജയിച്ചു. ഇരുടീമും മൂന്ന് തവണവീതം കിരീടം നേടിയിട്ടുണ്ട്.

click me!