കോലിയും ഉമേഷും ചൂടായതിന് അമ്പയര്‍ റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അമ്പയര്‍ നീല്‍ ലോംഗ്

By Web TeamFirst Published May 7, 2019, 1:03 PM IST
Highlights

മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ ലോംഗ്, ഓവര്‍ സ്റ്റെപ്പ് നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി.

ബാംഗ്ലൂര്‍:ഐപിഎല്ലില്‍ കളിക്കാര്‍ മാത്രമല്ല അമ്പയര്‍മാരും ചൂടന്‍മാരാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയര്‍ നീല്‍ ലോംഗാണ് ഗ്രൗണ്ടില്‍ ഉമേഷ് യാദവും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും ചൂടായതിന്റെ അരിശം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയര്‍മാരുടെ മുറിയുടെ വാതില്‍ ചവിട്ടിപൊളിച്ച് തീര്‍ത്തത്.

മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ ലോംഗ്, ഓവര്‍ സ്റ്റെപ്പ് നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ക്ക് സമീപമെത്തി ഉമേഷും കോലിയും തര്‍ക്കിച്ചു. എന്നാല്‍ ഇവരോട് ദേഷ്യത്തോടെ പ്രതികരിച്ച ലോംഗ് നോ ബോള്‍ വിളിച്ച തീരുമാനം പിന്‍വലിച്ചില്ല. ഇതിനുശേഷം മത്സരം പൂര്‍ത്തിയാക്കി അമ്പയര്‍ റൂമിലെത്തിയപ്പോഴാണ് ലോംഗ് അരിശത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അധികൃതര്‍ ഇക്കാര്യം മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ലോംഗ് 5000 രൂപ പിഴയടക്കുകയും ചെയ്തു. എങ്കിലും സംഭവം ബിസിസിഐ ഇടക്കാല ഭരണസിമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനല്‍ നിയന്ത്രിക്കുന്നതും ലോംഗാണ്. ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അമ്പയര്‍ കൂടിയാണ് ലോംഗ്.

click me!