ഷായെ ഇതിഹാസവുമായി താരതമ്യം ചെയ്യാന്‍ വരട്ടെ; തുറന്നടിച്ച് ഗംഭീര്‍

By Web TeamFirst Published Apr 3, 2019, 10:50 AM IST
Highlights

പൃഥ്വി ഷായെ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍.

ദില്ലി: യുവ താരം പൃഥ്വി ഷായെ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സ്(55 പന്തില്‍ 99 റണ്‍സ്) കാഴ്‌ചവെച്ചതിന് പിന്നാലെ ഷായെ സെവാഗുമായി താരതമ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയപ്പോഴും ഇത്തരം താരതമ്യങ്ങള്‍ വന്നിരുന്നു.  

'ഷായെ സെവാഗുമായി താരതമ്യം ചെയ്യുന്നതിന് മുന്‍പ് ഒരു കാര്യം ചിന്തിക്കണം. ഷാ കരിയര്‍ ആരംഭിച്ചതേയുള്ളൂ. ഒട്ടേറെ ദൂരം അയാള്‍ക്ക് സഞ്ചരിക്കാനുണ്ട്. താരതമ്യങ്ങളില്‍ താനൊരിക്കലും വിശ്വസിക്കുന്നില്ല. സെവാഗിനും ഷായ്ക്കും തങ്ങളുടേതായ ശൈലികളുണ്ട്. ഷാ ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്, എന്നാല്‍ സെവാഗ് 100ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.  

അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരില്‍ ഒരാളായാണ് സെവാഗ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കായി 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ടി20കളും കളിച്ച സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ആരാധകരുടെ വീരു. ടെസ്റ്റില്‍ രണ്ട് ട്രിപ്പിളും ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയുമുള്ള ഏക ഇന്ത്യന്‍ താരംകൂടിയാണ് സെവാഗ്. 

click me!