ഹിറ്റ്‌മാന് അര്‍ദ്ധ സെഞ്ചുറി; ചെന്നൈയ്‌ക്ക് 156 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Apr 26, 2019, 9:44 PM IST
Highlights

ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. 

ചെന്നൈ: ഐപിഎല്ലില്‍ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 156 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 155 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. ചെന്നൈക്കായി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് ഡികോക്കിനെ(15) തുടക്കത്തിലെ നഷ്ടമായെങ്കിലും ലെവിസും നായകന്‍ രോഹിത് ശര്‍മ്മയും മതില്‍കെട്ടി. രണ്ടാം വിക്കറ്റില്‍ 75 റണ്‍സ്. 13-ാം ഓവറില്‍ സാന്‍റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 റണ്‍സെടുത്ത ലെവിസ് പുറത്തായ ശേഷം വന്ന ക്രുനാല്‍(1) വന്നപോലെ മടങ്ങി. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് 48 പന്തില്‍ 67 റണ്‍സെടുത്ത് നില്‍ക്കവെ 17-ാം ഓവറില്‍ മടങ്ങി. സാന്‍റ്‌നര്‍ക്കായിരുന്നു ഈ വിക്കറ്റും.

വമ്പനടിക്ക് പേരുകേട്ട ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും അവസാന ഓവറുകളില്‍ കാര്യമായ അടി പുറത്തെടുത്തില്ല. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. 
 

click me!