പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി; സ്റ്റാര്‍ പേസറില്ലാതെ പ്രതിരോധിക്കാന്‍ ബാംഗ്ലൂര്‍

By Web TeamFirst Published Apr 28, 2019, 12:25 PM IST
Highlights

വൈകിട്ട് നാലിന് തുടങ്ങുന്ന ആദ്യ കളിയില്‍ ഡല്‍ഹി കാപിറ്റല്‍സ്, വിരാട് കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാം മത്സരം. 

ദില്ലി: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. വൈകിട്ട് നാലിന് തുടങ്ങുന്ന ആദ്യ കളിയില്‍ ഡല്‍ഹി കാപിറ്റല്‍സ്, വിരാട് കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. 16 പോയിന്‍റുള്ള ഡല്‍ഹിക്ക് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, കാഗിസോ റബാഡ എന്നിവരിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. 

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ എത്തുന്ന ബാംഗ്ലൂരിന് ഈ മികവ് ആവര്‍ത്തിച്ചാലേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവൂ. ക്യാപ്റ്റന്‍ വിരാട് കോലി, എ ബി ഡിവിലിയേഴ്സ്, പാര്‍ഥിവ് പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമാവുക. ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പരുക്കേറ്റ് മടങ്ങിയത് ബാംഗ്ലൂര്‍ ബൗളിംഗിനെ വീണ്ടും ദുര്‍ബലമാക്കും. 

ഇന്നത്തെ രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ മുംബൈ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കും. അവസാന ആറ് കളിയും തോറ്റ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. 

രോഹിത് ശര്‍മ്മ, ക്വിന്‍റണ്‍ ഡി കോക്ക്, ലസിത് മലിംഗ, ജസ്‌പ്രീത് ബുംറ, പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരുടെ മികവിലാണ് മുംബൈയുടെ മുന്നേറ്റം. ആന്ദ്രേ റസല്‍ അടക്കമുള്ള താരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയിലേക്ക് ഉയരാന്‍ കഴിയാത്തതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാവുന്നത്. ആദ്യ നാല് കളിയും ജയിച്ച ശേഷമാണ് കൊല്‍ക്കത്ത തുടര്‍തോല്‍വികളിലേക്ക് വീണത്. 

click me!