ഐപിഎല്ലില്‍ നിറം മങ്ങി കുല്‍ദീപ്; ചങ്കിടിപ്പ് ഇന്ത്യക്ക്

By Web TeamFirst Published Apr 22, 2019, 5:39 PM IST
Highlights

ബാംഗ്ലൂരിനെതിരെ നാലോവറില്‍ കുല്‍ദീപ് വിട്ടുകൊടുത്തത് 59 റണ്‍സായിരുന്നു. ഇതില്‍ മോയിന്‍ അലി ഒരോവറില്‍ 27 റണ്‍സടിച്ചതും ഉള്‍പ്പെടും.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുരുപ്പു ചീട്ടാകുമെന്ന് കരുതിയ ബൗളറാണ് കുല്‍ദീപ് യാദവ്. എന്നാല്‍ സീസണില്‍ നിറം മങ്ങിയ പ്രകടം കാഴ്ചവെച്ച ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മോയിന്‍ അലിയുടെ അടികൊണ്ട് കരയുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ 33 ഓവര്‍ എറിഞ്ഞ കല്‍ദീപ് ആകെ നേടിയത് നാലു വിക്കറ്റുകള്‍ മാത്രമാണ്. എക്കോണമിയാകട്ടെ 8.66 ആണ്. ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ കുല്‍ദീപിന്റെ ഫോം നഷ്ടം ഇന്ത്യന്‍ ആരാധകരുടെയും ചങ്കിടിപ്പേറ്റുന്നുണ്ട്.

ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് കുല്‍ദീപ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി തിളങ്ങിയ കുല്‍ദീപ് ലോകകപ്പിലും ഇന്ത്യയുടെ വജ്രായുധമാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ബാംഗ്ലൂരിനെതിരെ നാലോവറില്‍ കുല്‍ദീപ് വിട്ടുകൊടുത്തത് 59 റണ്‍സായിരുന്നു. ഇതില്‍ മോയിന്‍ അലി ഒരോവറില്‍ 27 റണ്‍സടിച്ചതും ഉള്‍പ്പെടും. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അടുത്ത മത്സരത്തില്‍ നിന്ന് കുല്‍ദീപ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു.

44 ഏകദിനങ്ങളില്‍ നിന്ന 87 വിക്കറ്റുകള്‍ നേടിയിട്ടുള്ള കുല്‍ദീപും യുസ്‌വേന്ദ്ര ചാഹലുമാണ് മധ്യ ഓവറുകള്‍ വിക്കറ്റ് കൊയ്ത് മത്സരഫലം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ 17 വിക്കറ്റെടുത്ത് തിളങ്ങിയ കുല്‍ദീപിന്റെ നിഴല്‍ മാത്രമാണ് ഇത്തവണ കാണാന്‍ കഴിഞ്ഞത്. കുല്‍ദീപിന്റെ ഫോം നഷ്ടം കൊല്‍ക്കത്തയുടെ കുതിപ്പിനെയും ബാധിച്ചിരുന്നു. തുടക്കത്തില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ച കൊല്‍ക്കത്ത ഇപ്പോള്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റു.

കുല്‍ദീപിന്റെ ഫോം ഔട്ടാണെന്ന് സമ്മതിച്ച കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് വിശ്രമത്തിനുശേഷം പൂര്‍വാധികം ശക്തിയോടെ അദ്ദേഹം തിരിച്ചെത്തുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞങ്ങളോ കുല്‍ദീപോ ആഗ്രഹിക്കുന്നതുപോലെയല്ല ഇപ്പോള്‍ അദ്ദേഹം പന്തെറിയുന്നത്. അതുകൊണ്ടാണ് വിശ്രമം അനുവദിച്ചത്-കാര്‍ത്തിക് പറഞ്ഞു. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മറ്റ് മത്സരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഇന്ത്യയുടെ നിര്‍ണായക കളിക്കാരനാകുമെന്ന് കരുതുന്ന താരത്തിന്റെ ഫോം നഷ്ടം ആരാധകരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

click me!