ചെന്നൈയ്ക്ക് ആദ്യ ഷോക്ക് നല്‍കാന്‍ മുംബൈ; സൂപ്പര്‍ താരം കളിക്കില്ല

By Web TeamFirst Published Apr 3, 2019, 12:48 PM IST
Highlights

രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് കളി. തോൽവി അറിയാതെ മുന്നേറുന്ന ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. മൂന്ന് കളിയിൽ രണ്ടിലും തോറ്റ ടീമാണ് രോഹിത് ശര്‍മ്മ നയിക്കുന്നു മുംബൈ ഇന്ത്യന്‍സ്. 

മുംബൈ: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് കളി. തോൽവി അറിയാതെ മുന്നേറുന്ന ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ബാംഗ്ലൂരിനെയും ഡൽഹിയെയും രാജസ്ഥാനെയും തോൽപിച്ചെത്തുന്ന ചെന്നൈയ്ക്ക് ആദ്യ ഷോക്ക് നൽകാനാണ് രോഹിത് ശ‍ർമ്മയുടെ മുംബൈ ഇന്ത്യൻസ് തയ്യാറെടുക്കുന്നത്. 

മൂന്ന് കളിയിൽ രണ്ടിലും തോറ്റ രോഹിത്തിനും സംഘത്തിനും സ്വന്തം കാണികൾക്ക് മുന്നിലിത് അഭിമാനപ്പോരാട്ടം. പരിചയസമ്പന്നർ നിറഞ്ഞ ധോണിപ്പടയെ പിടിച്ചുകെട്ടാൻ മുംബൈയ്ക്ക് നിലവിലെ മികവ്  മതിയാവില്ല. ധോണിയും റെയ്‌നയും വാട്‌സനും ബ്രാവോയുമെല്ലാം ഒറ്റയ്ക്ക് കളി മാറ്റിമറിക്കാൻപോന്നവരാണ്. ഹ‍ർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ എന്നിവരുൾപ്പെട്ട സ്‌പിൻ വിഭാഗവും കരുത്തർ. 

ജസ്പ്രീത് ബുംറയും പാണ്ഡ്യ സഹോദരൻമാരും ഉണ്ടെങ്കിലും ബാറ്റിംഗിൽ രോഹിത്തും ക്വിന്‍റൺ ഡി കോക്കും മാത്രമേ മുംബൈ നിരയിൽ വിശ്വസ്തരായിട്ടുള്ളൂ. ലസിത് മലിംഗ ആഭ്യന്തര ടൂർണമെന്‍റിനായി ശ്രീലങ്കയിലേക്ക് മടങ്ങിയതും മുംബൈയ്ക്ക് തിരിച്ചടിയാവും. മുംബൈയിൽ അവസാനം ഏറ്റുമുട്ടിയ അഞ്ച് കളിയിൽ നാലിലും ജയിച്ച ചരിത്രമാണ് മുംബൈയ്‌ക്ക് ആശ്വാസമാവുക. ആകെ ഏറ്റുമുട്ടിയ 26 കളിയില്‍ മുംബൈ 14ലും ചെന്നൈ 12ലും ജയിച്ചു. 

click me!