ഐപിഎല്ലിലെ ഫീല്‍ഡിംഗ് 'കു'തന്ത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

By Web TeamFirst Published Apr 4, 2019, 11:36 AM IST
Highlights

പരിക്കൊന്നുമില്ലെങ്കിലും ചില ടീമുകള്‍ പ്ലേയിംഗ് ഇലവനിലെ മോശം ഫീല്‍ഡര്‍മാരെ മാറ്റി ടീമിലെ മികച്ച ഫീല്‍ഡര്‍മാരെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെന്നും ഇക്കാര്യം ഐപിഎല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൈഫ്

ദില്ലി: ഐപിഎല്ലില്‍ മത്സരങ്ങള്‍ക്കിടെ ടീമുകള്‍ പകരം ഫീല്‍ഡര്‍മാരെ ഇറക്കുന്ന 'കു'തന്ത്രത്തിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകന്‍ മുഹമ്മദ് കൈഫ്. പരിക്കൊന്നുമില്ലെങ്കിലും ചില ടീമുകള്‍ പ്ലേയിംഗ് ഇലവനിലെ മോശം ഫീല്‍ഡര്‍മാരെ മാറ്റി ടീമിലെ മികച്ച ഫീല്‍ഡര്‍മാരെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെന്നും ഇക്കാര്യം ഐപിഎല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൈഫ് പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്സിനെതിരായ മത്സരത്തിലും ഇത്തരത്തിലുള്ള സംഭവമുണ്ടായി. കൊല്‍ക്കത്തയുടെ പിയൂഷ് ചൗള തന്റെ നാലോവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പകരം റിങ്കു സിംഗ് ഫീല്‍ഡിംഗിനറങ്ങി. 30കാരനായ പിയൂഷ് ചൗളയേക്കാള്‍ മികച്ച ഫീല്‍ഡറാണ് 21കാരനായ റിങ്കു സിംഗ്. ഇതുവഴി ഫീല്‍ഡിംഗ് ടീമിന് അധിക ആനുകൂല്യം ലഭിക്കുകയാണ്.

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലും സമാനമായ സംഭവമുണ്ടായി. കിംഗ്സിന്റെ താരമായ സര്‍ഫ്രാസ് ഖാന്‍ ഫീല്‍ഡിംഗില്‍ അല്‍പ്പം പതുക്കെയാണ്. എന്നാല്‍ ബാറ്റിംഗിനിടെ ഗ്ലൗസില്‍ പന്തുകൊണ്ട് പരിക്കേറ്റെന്ന കാരണത്താല്‍ സര്‍ഫ്രാസ് ഫീല്‍ഡിംഗിന് ഇറങ്ങിയതേയില്ല.പകരം ടീമിലെ മികച്ച ഫീല്‍ഡറായ കരുണ്‍ നായരാണ് ഫീല്‍ഡിംഗിന് ഇറങ്ങിയത്. സര്‍ഫ്രാസിന്റെ പരിക്ക് ഗുരുതരമാണോ സാരമുള്ളതാണോ എന്നുപോലും സംശയമുണ്ട്. ഇത്തരം മാറ്റങ്ങള്‍ നല്ലതല്ലെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം അമ്പയര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൈഫ് പറഞ്ഞു.

click me!