അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലം:ധോണി

By Web TeamFirst Published Mar 21, 2019, 5:46 PM IST
Highlights

ആ സമയം എന്റെ പേരും ഒത്തുകളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചാരണങ്ങളുണ്ടായി.

ചെന്നൈ: ഐപിഎല്‍ ഒത്തുകളിയെക്കുറിച്ച് മനസുതുറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെയ്പ്പ് വിവാദം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നുവെന്ന് ധോണി "റോര്‍ ഓഫ് ദ് ലയണ്‍' എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗമായ "വാട്ട് വി ഡി‍ഡ് റോംഗില്‍' പറയുന്നു.

എന്റെ ജിവിതത്തിലെ ഏറ്റവും വിഷമകരമായ കാലഘട്ടമായിരുന്നു 2013. അതുപോലെ പിന്നീടൊരിക്കലും ഞാന്‍ പ്രതിസന്ധിയിലായിട്ടില്ല. 2007ലെ ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായത് മാത്രമാണ് അതിനോട് അടുത്തുനില്‍ക്കുന്ന മറ്റൊരു സംഭവം. പക്ഷെ അന്ന് നമ്മള്‍ മികച്ച കളി പുറത്തെടുക്കാതെയാണ് പുറത്തായതെന്ന് പറയാം.

എന്നാല്‍ 2013ലെ വാതുവെയ്പ്പ് വിവാദം വ്യത്യസ്തമായിരുന്നു. രാജ്യമുഴുവന്‍ ഒത്തുകളിയെക്കുറിച്ചും വാതുവെയ്പ്പിനെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്തത്. കടുത്ത ശിക്ഷ തന്നെ കിട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ ശിക്ഷ അര്‍ഹിച്ചിരുന്നു. ശിക്ഷയുടെ കാലയളവില്‍ മാത്രമെ സംശയം ഉണ്ടായിരുന്നുള്ളു. അവസാനം ഞങ്ങളെ ഐപിഎല്ലില്‍ നിന്ന് രണ്ടുവര്‍ഷത്തേക്ക് വിലക്കി. അത് ടീം അംഗങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ കാര്യങ്ങളെ വ്യക്തിപരമായി എടുക്കാനുള്ള സാധ്യതയും എനിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഫ്രാഞ്ചൈസി ഉടമകള്‍ക്ക് തെറ്റുപറ്റി. പക്ഷെ അതില്‍ ടീം അംഗങ്ങളാരും പങ്കാളികളല്ലെങ്കില്‍ അവരെന്ത് പിഴച്ചു.

ആ സമയം എന്റെ പേരും ഒത്തുകളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചാരണങ്ങളുണ്ടായി.അതെങ്ങനെ സാധ്യമാവും. തത്സമയ ഒത്തുകളി നടത്താന്‍ ടീം അംഗങ്ങളില്‍ ആര്‍ക്കും കഴിയും. അമ്പയര്‍മാര്‍ക്കുപോലും അതിനു കഴിയും. എന്നാല്‍ ഒരു മത്സരം തന്നെ ഒത്തുകളിക്കണമെങ്കില്‍ ടീം അംഗങ്ങളുടെ മുഴുവന്‍ പിന്തുണ വേണം. ബാറ്റ്സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയുമെല്ലാം.

കാഴ്ചയില്‍ കരുത്തനായ വ്യക്തിയാണ് ഞാനെന്ന് പുറമെ തോന്നുമെങ്കിലും സത്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ആരും നമ്മുടെ അടുത്തുവന്ന് ചോദിക്കില്ല, കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നുവെന്ന്. അത് തികച്ചും വിഷമകരമായ കാലമായിരുന്നു. അന്ന് ഇതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് മാത്രമായിരുന്നു പ്രധാനം.ഒരു മത്സരം ഒത്തുകളിയാണെന്ന് ആരാധകര്‍ക്ക് തോന്നിയാല്‍ അവര്‍ക്ക് കളിയിലുള്ള വിശ്വാസം തന്നെ നഷ്ടമാവും. എന്റെ ജീവിതത്തില്‍ ഇത്രയും വലിയ പ്രതിസന്ധിയിലൂടെ അതിന് മുമ്പോ പിമ്പോ ഞാന്‍ കടന്നുപോയിട്ടില്ല.

ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെക്കുറിച്ചും ധോണി ഡോക്യുമെന്ററിയില്‍ വാചാലനാവുന്നു. ഗുരുനാഥ് മെയ്യപ്പന്‍, ടീം ഉടമയോ, ടീം പ്രിന്‍സിപ്പലോ, മോട്ടിവേറ്ററോ ആയിരുന്നോ ?. ടീം ഉടമകളിലാരും അദ്ദേഹത്തെ ഇദ്ദേഹമാണ് ടീം ഉടമയെന്ന് പറഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ അദ്ദേഹം ടീം ഉടമയുടെ മരുമകനാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള തന്റെ ബന്ധം മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന വിവാഹബന്ധം പോലെ അറേഞ്ച്ഡ് മാര്യേജ് ആണെന്നും ധോണി പറഞ്ഞു.

click me!