ബുംറയെ അടക്കം അടിച്ചുപറത്തി പന്തിന്‍റെ വെടിക്കെട്ട്; മുംബൈയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Mar 24, 2019, 9:59 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. ഋഷഭ് 27 പന്തില്‍ ഏഴ് വീതം സിക്‌സും ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

മുംബൈ: ഐപിഎല്ലില്‍ ഋഷഭ് പന്ത് വെടിക്കെട്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. ഋഷഭ് 27 പന്തില്‍ ഏഴ് വീതം സിക്‌സും ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സൂപ്പര്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ വരെ പന്ത് കനത്തില്‍ ശിക്ഷിച്ചു. മക‌്‌ലെനാഗന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് ശക്തമായ തിരിച്ചെത്തുകയായിരുന്നു. മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത് 17കാരന്‍ റാസിക് സലാം. രണ്ടാം ഓവര്‍ മുതല്‍ മക‌്‌ലെനാഗന്‍ ആഞ്ഞടിച്ചു. ഓപ്പണര്‍ പൃഥ്വി ഷാ(7) രണ്ടാം ഓവറില്‍ ഡിക്കോക്കിന്‍റെ കൈകളില്‍. ഒരു ഓവറിന്‍റെ ഇടവേളയില്‍ മക‌്‌ലെനാഗന്‍ പൊള്ളാര്‍ഡിന്‍റെ പറക്കും ക്യാച്ചില്‍ നായകന്‍ ശ്രേയസ് അയ്യരും(16) പുറത്ത്. സ്‌കോര്‍ 29-2. 

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ധവാനും ഇന്‍ഗ്രാമും ഡല്‍ഹിക്ക് രക്ഷകരായി. എന്നാല്‍ കട്ടിങിന്‍റെ 13-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സിലൂടെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്‍ഗ്രാം(47) പുറത്ത്. ബൗണ്ടറി ലൈനില്‍ ഹര്‍ദികിന് ക്യാച്ച്. പതറാതെ കളിച്ചെങ്കിലും ധവാനും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ല. ഹര്‍ദിക് എറിഞ്ഞ 16-ാം ഓവറില്‍ സൂര്യകുമാര്‍ പിടിച്ച് പുറത്ത്. 

ഡല്‍ഹിയുടെ പോരാട്ടം അവിടംകൊണ്ട് അവസാനിച്ചില്ല. വാംഖഡെയില്‍ പിന്നീട് കണ്ടത് ഋഷഭ് പന്തിന്‍റെ വിളയാട്ടം. കീമോ പോളിനെ(3) മക‌്‌ലെനാഗനും അക്ഷാറിനെ(4) ബുറ വീഴ്‌ത്തിയതൊന്നും പന്തിനെ ബാധിച്ചില്ല. 18 പന്തില്‍ പന്ത് അര്‍ദ്ധ സെഞ്ചുറി തികച്ചു. അവസാന മൂന്ന് ഓവറില്‍ രണ്ടും എറിഞ്ഞ ബുംറയും അടിവാങ്ങി. അവസാന മൂന്ന് ഓവറില്‍ 52 റണ്‍സാണ് പിറന്നത്. പന്തും(78) രാഹുലും(9) പുറത്താകാതെ നിന്നു. മുംബൈ ബൗളര്‍മാരെല്ലാം 10 റണ്‍സിലധികം ഇക്കോണമി വഴങ്ങി.

 

click me!