കൊല്‍ക്കത്ത ടീമിനികത്തെ തമ്മിലടി സ്ഥിരീകരിച്ച് സഹപരിശീലകന്‍

By Web TeamFirst Published May 6, 2019, 5:41 PM IST
Highlights

ടീമിനകത്ത് കളിക്കാര്‍ തമ്മില്‍ അത്ര രസത്തിലായിരുന്നില്ല എന്നകാര്യം മറച്ചുവെക്കുന്നില്ലെന്ന് കാറ്റിച്ച് വ്യക്തമാക്കി. കഴിഞ്ഞ കുറേ മത്സരങ്ങളിലെ തോല്‍വിക്കുശേഷം അത് കൂടുതല്‍ പ്രകടമായി.

കൊല്‍ക്കത്ത: ജയിച്ചാല്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാമായിരുന്ന മത്സരത്തില്‍ മുംബൈയോട് ദയനീയ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ടീമിനകത്ത് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് വ്യക്തമാക്കി സഹപരിശീലകന്‍ സൈമണ്‍ കാറ്റിച്ച്. മുംബൈക്കെതിരായ തോല്‍വിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാറ്റിച്ച് ടീമിനകത്തെ തമ്മിലടി സ്ഥിരീകരിച്ചത്.

ടീമിനകത്ത് കളിക്കാര്‍ തമ്മില്‍ അത്ര രസത്തിലായിരുന്നില്ല എന്നകാര്യം മറച്ചുവെക്കുന്നില്ലെന്ന് കാറ്റിച്ച് വ്യക്തമാക്കി. കഴിഞ്ഞ കുറേ മത്സരങ്ങളിലെ തോല്‍വിക്കുശേഷം അത് കൂടുതല്‍ പ്രകടമായി. ടീം എന്ന നിലയില്‍ ഇക്കാര്യം പരിഹരിക്കേണ്ടതുണ്ടെന്നും കാറ്റിച്ച് പറഞ്ഞു. ടീം അംഗങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയും കൂട്ടായ്മയുമായിരുന്നു എക്കാലവും കൊല്‍ക്കത്തയുടെ കരുത്ത്. തുടര്‍ തോല്‍വികള്‍ക്കിടയില്‍ അത് എവിടെയോ നഷ്ടമായിട്ടുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

ആദ്യ അഞ്ച് കളികളില്‍ നാലും ജയിച്ച് നല്ല തുടക്കമിട്ട കൊല്‍ക്കത്ത പിന്നീട് തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റു. ഇതിനുശേഷം രണ്ട് കളികള്‍ ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും അവസാന കളിയില്‍ ജയിച്ചാല്‍ പ്ലേ ഓഫിലെത്താമെന്നിരിക്കെ മുംബൈയോട് ദയനീയ തോല്‍വി വഴങ്ങി. തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് തുടര്‍തോല്‍വികള്‍ക്ക് കാരണമെന്ന് സൂപ്പര്‍ താരം ആന്ദ്രെ റസല്‍ നേരത്തെ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ പിന്നില്‍ നിന്ന് കുത്തുവരുമെന്ന് തനിക്ക് അറിയാമെന്ന് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും അഭിപ്രായപ്പെട്ടിരുന്നു. നാലുവര്‍ഷത്തിനിടെ ആദ്യമായാണ് കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.

click me!